തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശിപാർശയിൽ രാഷ്ട്രീയമല്ല പ്രധാനമെന്നും നിയമപരിശോധനയിലെ ഗൗരവം മനസിലാക്കി തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേന്ദ്ര ഏജൻസി തെളിവുകൾ സഹിതമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ സെക്ഷൻ 66(2) പ്രകാരം നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയത്. ഇതിൽ രാഷ്ട്രീയമല്ല, നിയമപരമായ പരിശോധനയും തെളിവുകളും അന്വേ ഷിച്ചാണ് നടപടിയെടുക്കുക.
ഇഡി കൈമാറിയ തെളിവുകൾ അടക്കമുള്ള കത്ത് നിയമപരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. രാഷ്ട്രീയമായി അതിനെ കാണില്ല. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ് നൽകിയപ്പോൾ അവർ അന്വേഷണവുമായി സഹകരിക്കുകയാണു ചെയ്തത്. പാർട്ടിക്കാരെ ഉപയോഗിച്ച് ഇഡിയെ ആക്രമിക്കാനും ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ തല്ലിത്തകർക്കാനുമല്ല ശ്രമിച്ചത്.
ഡൽഹിയിൽ കോണ്‍ഗ്രസ് പ്രവർത്തകരെ ഇഡിയുടെ പരിശോധന തടയാനായി ചുമതലപ്പെടുത്തിയില്ല. 55 മണിക്കൂർ ചോദ്യംചെയ്യലിനായി അവർ സഹകരിച്ചിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന ഏജൻസികൾക്ക് തെളിവുകളും വിവരങ്ങളും കൈമാറുന്നതു പതിവാണ്.
രാഷ്ട്രീയ പാർട്ടികൾ കന്പനികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങാറുണ്ടെന്ന്, മറ്റു ചില നേതാക്കൾക്കും സിഎംആർഎൽ പണം നൽകിയിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇതൊന്നുമല്ലല്ലോ ഇഡി അയച്ചു തന്നത്.
കേസിൽ നിയമപരിശോധന നടക്കുന്ന സാഹചര്യത്തിൽ ഇഡി റിപ്പോർട്ടുമായി ബന്ധപ്പെട്ടു കൂടുതൽ പറയാൻ തയാറല്ല. ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നതിനു മുൻപ് ടെൻഷൻ വേണ്ട. നിയമപരമായി പരിശോധിച്ച ശേഷമാകും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചങ്ങനാശേരി/മാന്നാർ: രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഇത്തിത്താനം ജനതാ സര്‍വീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപന ഉദ്ഘാടനവും ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനവും ചിറവംമുട്ടത്ത് നടന്ന ചടങ്ങില്‍ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാന്‍ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. ലക്ഷക്കണക്കിനു കോടി രൂപയാണ് സഹകരണ മേഖലയിലുള്ളത്. ഇതില്‍ കണ്ണു വച്ചുള്ള നീക്കങ്ങളാണ് നടക്കുന്നത്.
സഹകരണ രംഗത്തു തെറ്റായ കാര്യങ്ങള്‍ എവിടെ നടന്നിട്ടുണ്ടോ അവിടെ കര്‍ക്കശമായ നടപടി മുന്‍സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ തെറ്റായ ചില കാര്യങ്ങള്‍ നടന്നപ്പോള്‍ അതിനെതിരേ അന്നത്തെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. അഴിമതി നടത്തിയവരെ കണ്ടെത്തി കേസെടുത്തു. എന്നാൽ, രാജ്യത്തെ ഇഡി എന്ന അന്വേഷണ ഏജന്‍സി അവിടെ ചെന്ന് ഒരു പാര്‍ട്ടിയെ പ്രതിയാക്കി.
സിഎം ആർഎൽ- എക്സാലോജിക് നൽകിയ പണം സേവനത്തിനായി നൽകിയതാണെന്നും പിണറായി വിജയൻ പറഞ്ഞു . തന്നെ വേട്ടയാടുവാൻ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നും ഇവിടത്തെ ജനങ്ങൾ ഇതൊന്നും വിശ്വസിക്കുന്നില്ലെന്നും തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മാന്നാർ ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം ലഭിക്കുമ്പോൾ മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവല്ലായിരുന്നു. പിന്നെങ്ങനെ അന്ന് ഈ പണം വിദേശത്തേക്ക് കടത്തിയതെന്നും പിണറായി ചോദിച്ചു. ഇഡിയുടെ ഇത്തരം നടപടികളെ മ്ലേഛമായി മാത്രമേ കാണാൻ കഴിയൂവെന്നും ഇതിനെയെല്ലാം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പിണറായി പറഞ്ഞു.
Tags : VDSatheesan PinarayiVijayan Clarify Stance EDCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash