കോതമംഗലം പ്രീസ്റ്റ് ലീഗും കോട്ടയം ഫെയ്ത്ത് സ്ട്രൈക്കേഴ്സും തമ്മില്‍ നടന്ന മത്സരം.-ദീപിക
കോട്ടയം: പാതിരി ഗഡീസ്, ഫെയ്ത്ത് സ്ട്രൈക്കേഴ്സ്, ഹൈറേഞ്ച് വാരിയേഴ്സ്, പാലാ അച്ചായന്‍സ്, മാര്‍ത്തോമ്മ റോയല്‍സ്, യോബല്‍ ടൈറ്റന്‍സ്, ബ്രദേഴ്സ് കോട്ടയം...
ളോഹ മാറ്റിവച്ച് പച്ചയും നീലയും ചുവപ്പുംകളറിലുള്ള ജഴ്സിയണിഞ്ഞ് കൈയില്‍ ബാറ്റും ബോളുമായി അച്ചന്മാര് കളത്തിലിറങ്ങിയപ്പോള്‍ സംഗതി കിടുക്കി.
ബാറ്റും പന്തും കൈയിലേന്തി പുതുപ്പള്ളിയിലെ പച്ചപ്പരവതാനി വിരിച്ച ടര്‍ഫില്‍ വൈദികര്‍ കരുത്തുകാട്ടിയപ്പോള്‍ കളിയുടെ ആവേശം ബൗണ്ടറിയും കടന്നു. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികര്‍ അണിനിരക്കുന്ന കത്തനാര് ക്രിക്കറ്റ് ലീഗിന് പുതുപ്പള്ളിയില്‍ ആവേശ തുടക്കം.
വ്യത്യസ്തമായ ഈ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ പതിപ്പിന് പുതുപ്പള്ളി ബെയ് ൽസ് ആരീനയിലാണ് തുടക്കമായത്. കേരളത്തിന്റെ തെക്കേയറ്റംമുതല്‍ വടക്കേയറ്റം വരെയുള്ള സീറോമലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ കത്തോലിക്കാ സഭ, മലങ്കര ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ്മാ സഭ എന്നീ സഭകളിലെ വൈദികരും പ്രത്യേക ക്ഷണിതാക്കളായി വടവാതൂര്‍ സെമിനാരിയിലെ ഡീക്കന്മാരും ഉള്‍പ്പെടുന്ന ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ആറ് ഓവര്‍ വീതമുള്ള മത്സരത്തില്‍ ഒരു ടീമില്‍ 11 പേരാണുള്ളത്. കളിക്കളത്തിലെ ജയപരാജയങ്ങള്ക്കോ വാശിക്കോ അപ്പുറം, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ പരസ്പര സൗഹൃദം വര്‍ധിപ്പിക്കുക എന്നതാണ് തങ്ങള്‍ ഏറെ നാളായി ആഗ്രഹിച്ച ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈദികര്‍ പറഞ്ഞു.
ഇന്നലെ രാവിലെ പ്രാര്ഥനാഗാനത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിനു ജോബ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ വൈദികര്‍ ചേര്‍ന്നു രൂപീകരിച്ച കത്തനാര് ക്രിക്കറ്റ് ക്ലബ്ബാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ 17 മത്സരങ്ങള്‍ നടന്നു. ഫൈനല്‍ മത്സരം ഇന്നു വൈകുന്നേരം നടക്കും.
Tags : KathanarCricketLeague Puthuppally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash