സുവേന്ദു അധികാരി.
കോൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതയെ വെല്ലുവിളിച്ച അദ്ദേഹം സംസ്ഥാനത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും ആരോപിച്ചു. മമത നിലനിൽപ്പിനായി കോൺഗ്രസിനെയും സിപിഎമ്മിനെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ഇപ്പോൾ താൻ ഉപേക്ഷിച്ച അതേ പാർട്ടിയുടെ പിന്തുണ തേടി രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബറുയിപുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിൽ ഇനി മമതയ്ക്ക് ഒന്നും ചെയ്യാനില്ല.
കോൽക്കത്തയിൽ തുടരുന്നതിനു പകരം ഡൽഹിയിലേക്ക് പോകണമെന്നും സുവേന്ദു പറഞ്ഞു. കോൺഗ്രസുമായും സിപിഎമ്മുമായും സഹകരിച്ച് രാഷ്ട്രീയമായി നിലയുറപ്പിക്കാനാണ് മമത ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മമതയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും വീണ്ടും മത്സരിച്ചാൽ ഒരിക്കൽക്കൂടി തോൽപ്പിക്കുമെന്നും സുവേന്ദു അവകാശപ്പെട്ടു.
ധൈര്യമുണ്ടെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളെ രണ്ടുതവണ ഞാൻ തോൽപ്പിച്ചിട്ടുണ്ട്. മമത ബാനർജിയെ ഒരിക്കൽക്കൂടി തോൽപ്പിക്കും എന്നായിരുന്നു സുവേന്ദുവിന്റെ വെല്ലുവിളി.
Tags : WestBengalPolitics SuvenduAdhikari MamataBanerjee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews