സുപ്രീംകോടതി
ന്യൂഡൽഹി: സുപ്രീംകോടതി നടപടികളുടെ തത്സമയ സംപ്രേഷണങ്ങൾ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനു നിർദേശം.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പുതിയ നയത്തിൽ ഇക്കാര്യം ഉൾപ്പെടുത്താനാണു ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
കോടതിനടപടികളുടെ ദൃശ്യങ്ങൾ അനധികൃതമായി ചോർത്തി പണമുണ്ടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണു ബെഞ്ച് പരിഗണിച്ചത്.
കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയുള്ള തത്സമയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നാവശ്യപ്പെട്ടു നേരത്തേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
അംഗീകൃത വാർത്താസ്ഥാപനങ്ങൾക്കു വാർത്ത റിപ്പോർട്ട് ചെയ്യാമെങ്കിലും വീഡിയോ-ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നതിനുള്ള വിലക്കുകൾ അവരും കർശനമായി പാലിക്കണം.
വ്യാജ ദൃശ്യങ്ങളെ തിരിച്ചറിയാനായി ഔദ്യോഗിക ദൃശ്യങ്ങളിൽ ഡിജിറ്റൽ വാട്ടർമാർക്കോ ക്രിപ്റ്റോഗ്രാഫിക് ഒപ്പുകളോ നൽകണമെന്ന് വാദത്തിനിടയിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.
എന്നാൽ, ദൃശ്യങ്ങളിൽ ഡിജിറ്റൽ വാട്ടർമാർക്കോ ക്രിപ്റ്റോഗ്രാഫിക് ഒപ്പുകളോ ഉണ്ടെങ്കിൽപ്പോലും കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ലെന്നും ഇതുസംബന്ധിച്ച കൂടുതൽ നിയമപരമായ കാര്യങ്ങൾ പിന്നീട് പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Tags : Action SupremeCourt Visuals Circulated WithoutPermission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash