പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ‘ബൈനൻസ്’ വൻ സുരക്ഷാവീഴ്ചയ്ക്കും ഡിജിറ്റൽ കവർച്ചയ്ക്കും ഇരയായി. 6.3 ബില്യൺ ഡോളർ (ഏകദേശം 52,000 കോടിയിലധികം രൂപ) മൂല്യമുള്ള ഡിജിറ്റൽ ആസ്തികളാണ് അജ്ഞാതരായ ഹാക്കർമാർ ചോർത്തിയത്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കൊള്ളയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ഒരു ഡെവലപ്പറുടെ ലാപ്ടോപ് ഹാക്ക് ചെയ്താണ് അക്രമികൾ ബൈനൻസിന്റെ സിസ്റ്റത്തിലേക്കു പ്രവേശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ലാപ്ടോപ് വഴി ബൈനൻസിന്റെ സർവീസ് കണ്ടെയ്നറുകളിൽ പ്രവേശനം നേടിയ ഹാക്കർമാർ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് പിൻവലിക്കുകയായിരുന്നു.
അതേസമയം, ഉപയോക്താക്കളുടെ വാൾട്ടുകളുടെ വ്യക്തിഗത പ്രൈവറ്റ് കീകൾ ചോർന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. കൂടുതൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി എക്സ്ചേഞ്ചിലെ മുഴുവൻ നിക്ഷേപങ്ങളും പിൻവലിക്കലുകളും ബൈനൻസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള പ്രമുഖ എലൈറ്റ് ഹാക്കിംഗ് ഗ്രൂപ്പായ ‘ലാസറസ്’ ആണെന്നാണു പ്രാഥമിക നിഗമനം. നൂറോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് ഗ്രൂപ്പാണ് ബൈനൻസ്.
കവർച്ച നടന്ന ഉടൻതന്നെ ആഗോള ബ്ലോക്ക്ചെയിൻ പങ്കാളികളുമായും വിപണിയിലെ വിവിധ ഏജൻസികളുമായും സഹകരിച്ച് കടത്തിക്കൊണ്ടുപോയതിൽ 300 കോടി ഡോളറോളം വരുന്ന ഡിജിറ്റൽ ആസ്തികൾ മരവിപ്പിക്കാൻ ബൈനൻസിന് സാധിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ തുക നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് ബൈനൻസ് കോ സിഇഒ റിച്ചാർഡ് തെംഗ് അറിയിച്ചു.
Tags : Cryptocurrency SecurityBreach DigitalTheft Binance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash