സുപ്രീംകോടതി.
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികളിലൂടെ വോട്ടർ പട്ടികയിൽനിന്നു പുറത്തായവർക്ക് ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി.
പട്ടികയിൽ ഉൾപ്പെടാത്തവർക്കു പരാതി നൽകാൻ ഇനിയും അവസരമുണ്ടെന്നും ഇത്തരം പരാതികൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോട് നിർദേശിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായെന്നു ചൂണ്ടിക്കാട്ടി അർഹരായ വോട്ടർമാർക്ക് അവകാശം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
എസ്ഐആർ സമയത്ത് എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാൻ സാധിക്കാതെപോയ നിരവധി പേരുണ്ടെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് തെളിവുകൾ സഹിതം തെരഞ്ഞെടുപ്പു കമ്മിഷനെ നേരിട്ടു സമീപിക്കാം. ലഭിക്കുന്ന പരാതികളുടെ വസ്തുത പരിശോധിച്ച് കമ്മിഷൻ തീരുമാനമെടുക്കണം. പരാതികളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിക്കു കൈമാറണം.
അർഹരായ വോട്ടർമാരുടെ വിവരങ്ങൾ കണ്ടെത്തി കമ്മീഷനു നിവേദനം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പടെയുള്ള ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ ഹർജികൾ തീർപ്പാക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിൽ എസ്ഐആർ പൂർത്തിയായെന്നും 24 ലക്ഷത്തോളം പേർ പുറത്തായെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, കേരളത്തിൽ എസ്ഐആർ നടപടിക്രമങ്ങൾ പൂർത്തിയായെന്നും അതിനാൽ ഇതിനെതിരേ സമർപ്പിച്ച ഹർജികൾ അപ്രസക്തമായെന്നും തെരഞ്ഞെടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചു.
Tags : SupremeCourt KeralaSIR Complaints Considered Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VottersList