ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾക്ക് വ്യക്തമായ വിവരം നൽകാനും ആഘാതങ്ങളെക്കുറിച്ച് പഠിക്കാനും നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.
ഓരോ ഫ്യുവൽ ഇൻവോയ്സിലും പെട്രോളിലെ എഥനോളിന്റെ ശതമാനം വ്യക്തമായി രേഖപ്പെടുത്തണമെന്നും വാഹനം, മോഡൽ, എൻജിൻ തരം, നിർമിച്ച വർഷം എന്നിവപ്രകാരം ഏതെല്ലാം എഥനോൾ മിശ്രിതങ്ങളാണ് അനുയോജ്യമെന്നു വ്യക്തമാക്കുന്ന ഔദ്യോഗിക പബ്ലിക് ഡാറ്റാബേസ് തയാറാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോളിയം, ഉപരിതല ഗതാഗത മന്ത്രാലയങ്ങൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ഓട്ടോമൊബൈൽ എൻജിനിയർമാർ എന്നിവരടങ്ങുന്ന സ്വതന്ത്ര വിദഗ്ധ സമിതിയെ നിയോഗിച്ച് ഇ20 പെട്രോളിന്റെ യഥാർഥ വാഹന അനുയോജ്യത, ഇന്ധനക്ഷമത, എൻജിൻ ആയുസ്, പരിപാലനച്ചെലവ്, പരിസ്ഥിതി-ഭക്ഷ്യസുരക്ഷാ ആഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ലഭ്യമാക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.