നാവികസേനാ ദിനത്തോടനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനം.
കൊച്ചി: നാവികസേനയുടെ കരുത്തും ആവേശവും വീണ്ടും അടയാളപ്പെടുത്താൻ നാവികസേനാ ദിനാഘോഷത്തിന് ഒരുക്കങ്ങളായി. ഡിസംബർ നാലിനാണ് നാവികസേനാ ദിനം. കൊച്ചിയിൽ ദക്ഷിണനാവിക ആസ്ഥാനത്തും പുറത്തുമായി ഒരു മാസത്തിലധികം നീളുന്ന ആഘോഷ പരിപാടികളാണ് നടക്കുക.
1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് കറാച്ചി തുറമുഖത്തിനു നേരേ ഇന്ത്യൻ നാവികസേന നടത്തിയ ധീരമായ മിസൈൽ ബോട്ട് ആക്രമണങ്ങളെ അനുസ്മരിക്കുന്നതിനാണ് നാവികസേനാ ദിനം ആഘോഷിക്കുന്നത്.
വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥർ ഒരുമിച്ചു ചേരുന്ന നവംബർ ആറിലെ നേവി ഡേ സഹാര ലഞ്ച് പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. 16ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമായി കപ്പൽ സന്ദർശനം.
23ന് സ്കൂൾ വിദ്യാർഥികൾക്ക് കപ്പൽ സന്ദർശിക്കാം. നാവികസേനാ കപ്പലുകൾ, ഐഎൻഎസ് ഗരുഡ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളിൽ, ആയുധങ്ങൾ, ഉപകരണങ്ങൾ, കപ്പലുകളുടെയും വിമാനങ്ങളുടെയും മാതൃകകൾ എന്നിവ കാണാൻ അവസരമുണ്ട്. 20 മുതൽ 22 വരെ കൊച്ചി ഫോറം മാളിൽ ഐഎൻഎസ് ഗരുഡ ഒരുക്കുന്ന സൈനിക ഫോട്ടോ പ്രദർശനം നടക്കും.
ഡിസംബർ മൂന്നിന് വൈകുന്നേരം കൊച്ചി വാർഫിലാണ് നേവി ഡേയുടെ ഭാഗമായുള്ള അഭ്യാസപ്രകടനങ്ങൾ. സതേൺ നേവൽ കമാൻഡിന്റെ കപ്പലുകൾ, വിമാനങ്ങൾ, പ്രത്യേക പരിശീലനം ലഭിച്ച മറൈൻ കമാൻഡോകൾ എന്നിവർ പങ്കെടുക്കും.
പ്രത്യേക ഡ്രോൺ ഷോയും സാംസ്കാരിക പരിപാടികളും ഉണ്ടാകും. നാലിന് കൊച്ചി നേവൽ ബേസിൽ സതേൺ നേവൽ കമാൻഡ് ബാൻഡിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും ഉണ്ടാകും. നേവി മാരത്തൺ, നേവി സൈക്ലത്തൺ എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സേനയെ സമൂഹത്തിലേക്ക് അടുപ്പിക്കുക ലക്ഷ്യം:കമ്മഡോർ എൻ. ഹരിഹരൻ
ഇന്ത്യൻ നാവികസേനയുടെ ചരിത്രവും ശക്തിയും ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനാണ് നാവികദിനാഘോഷ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐഎൻഎസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസർ കമ്മഡോർ എൻ. ഹരിഹരൻ പറഞ്ഞു.
രാജ്യത്തിന്റെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സേന വഹിക്കുന്ന പങ്കിനെക്കുറിച്ച് ജനങ്ങളിൽ മെച്ചപ്പെട്ട ധാരണ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags : Kochii NavyDay Celebrations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash KochiWharf