ചാത്തന്നൂര്‍: കെഎസ്ആര്‍ടിസി ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നു. കേരളപിറവി ദിനം മുതല്‍ നടപ്പാക്കാനാണ് ശ്രമം. ഭരണ ഭാഷ മലയാളമാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും കെഎസ്ആര്‍ടിസി ഇതുവരെ അത് നടപ്പാക്കിയിരുന്നില്ല. ഇംഗ്ലീഷില്‍ തന്നെയാണ് ആശയവിനിമയം. അതിനു മാറ്റം വരുകയാണ്.
ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂണിറ്റുകളിലേക്കയച്ചു. അടിയന്തരമായി നടപ്പാക്കാനാണ് ഉത്തരവ്.
ഓഫിസ് നടപടിക്രമങ്ങള്‍ ഇനി പൂര്‍ണമായും മലയാളത്തിലായിരിക്കും. ഹാജര്‍ പുസ്തകവും മലയാളത്തിലായിരിക്കണം. സ്യൂട്ട് രജിസ്റ്റര്‍ പൂര്‍ണമായും മലയാളത്തിലേക്ക് മാറ്റണം. വിവരാവകാശ നിയമം രജിസ്റ്റര്‍ പൂര്‍ണമായും മലയാളത്തില്‍ രേഖപ്പെടുത്തണം. സേവനാവകാശം സംബന്ധിച്ച ബോര്‍ഡ് മലയാളത്തിലാക്കണം.
ഓഫിസ്, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സീലുകള്‍ മലയാളത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നതിന് ഇംഗ്ലീഷിലും തയാറാക്കണം. ഓഫിസര്‍മാരുടെയും ഓഫിസുകളുടെയും ബോര്‍ഡുകള്‍ ആദ്യപകുതിയില്‍ മലയാളത്തിലും രണ്ടാം പകുതി ഇംഗ്ലീഷിലും എഴുതണം. വാഹനത്തിന്റെ ബോര്‍ഡുകള്‍ മുന്‍ഭാഗത്ത് മലയാളത്തിലും പിന്‍ഭാഗത്ത് അതേ വലിപ്പത്തില്‍ ഇംഗ്ലീഷിലും എഴുതി പ്രദര്‍ശിപ്പിക്കും.
മലയാള പത്രങ്ങളില്‍ കൊടുക്കുന്ന പരസ്യങ്ങള്‍, ടെന്‍ഡര്‍ ഫോമുകള്‍ എന്നിവ പൂര്‍ണമായും മലയാളത്തിലായിരിക്കണം. പെന്ഷന് രജിസ്റ്റര്‍ പൂര്‍ണമായും മലയാളത്തിലാക്കണം. കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, അന്യരാജ്യങ്ങള്‍, അവിടത്തെ സ്ഥാപനങ്ങള്‍ എന്നിവകളിലേക്ക് ഇംഗ്ലീഷില്‍ കത്തെഴുതാം. എന്നാല്‍, അവയുടെ ഫയല്‍ കുറിപ്പുകള്‍ മലയാളത്തില്‍ തയാറാക്കി സൂക്ഷിക്കണം.
Tags : KSRTC Malayalam Speak KeralaPiravi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash