സുപ്രീംകോടതി.
ന്യൂഡൽഹി: പ്രണയബന്ധങ്ങൾ തകരുമ്പോൾ മുൻകാലങ്ങളിൽ പരസ്പരസമ്മതത്തോടെയുണ്ടായ ലൈംഗികബന്ധങ്ങളെ ബലാത്സംഗക്കേസുകളാക്കി മാറ്റുന്ന പ്രവണതയ്ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി.
ഇത്തരം നടപടികൾ യഥാർഥ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും നീതിന്യായ സംവിധാനത്തെ വ്യക്തിവൈരാഗ്യം തീർക്കാനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ചുള്ള ബലാത്സംഗക്കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങൾ വേർപിരിയുമ്പോൾ പിന്നീട് അതിനെ പീഡനമായി വ്യാഖ്യാനിക്കുന്ന പ്രവണത സമീപകാലത്തു ആശങ്കാജനകമായി വർധിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രണയബന്ധം അവസാനിപ്പിക്കാൻ ഏതൊരു വ്യക്തിക്കും പൂർണ സ്വാതന്ത്ര്യമുണ്ട്. മുമ്പ് സമ്മതത്തോടെ ബന്ധത്തിലായിരുന്നു എന്നതുകൊണ്ടുമാത്രം ഒരാൾക്ക് അതിൽനിന്നു പിന്മാറാൻ കഴിയില്ല എന്നു പറയുന്നത് ന്യായമല്ല.
പിന്നീട് ബലാത്സംഗക്കേസ് വരുമെന്ന ഭയത്താൽ മാത്രം ഒരു ബന്ധത്തിൽ തുടരാൻ ആരെയും നിർബന്ധിക്കാനാകില്ല. അത്തരം പിന്മാറ്റങ്ങളെ വഞ്ചനയായി കാണാനാകില്ല. ബന്ധം തകരുമ്പോൾ മുൻ പങ്കാളിയെ ഉപദ്രവിക്കാനോ പകവീട്ടാനോ വേണ്ടി നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി
അതേസമയം, തുടക്കം മുതൽ വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ വ്യാജ വാഗ്ദാനങ്ങൾ നൽകി സമ്മതം നേടിയെടുത്ത് പങ്കാളിയെ ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങൾ ഇതിൽനിന്നു തീർത്തും വ്യത്യസ്തമാണെന്നും കോടതി എടുത്തുപറഞ്ഞു.
Tags : SupremeCourt RapeCase Filed Romance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash