കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്കു പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ തുടങ്ങിയവർ.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്നതിനായി പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച “ജനങ്ങളുടെ കുറ്റവിചാരണ” ഇന്നത്തേക്കു മാറ്റി. ഡൽഹിയിൽ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്നാണു പരിപാടി മാറ്റിവച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന സഖ്യത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നേതാക്കൾക്കു മഴയത്തിരുന്ന് പ്രതിഷേധിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് മാറ്റമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ അറിയിച്ചു.
ന്യൂഡൽഹിയിലെ രാജാജി മാർഗിലുള്ള ഖാർഗെയുടെ പത്താം നമ്പർ വസതിയിലാണു ഗ്യാനേഷ് കുമാറിനെതിരേയുള്ള പ്രതീകാത്മക കുറ്റവിചാരണ നടക്കുക. നാളെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുള്ള "ചലോ ദില്ലി' ബഹുജന പ്രക്ഷോഭറാലിയുടെ കർട്ടൻ റെയ്സറായിട്ടാണ് ഈ കുറ്റവിചാരണ അരങ്ങേറുന്നത്.
അതേസമയം, ഡൽഹിയിലേക്ക് ആളുകൾ എത്തുന്നതു തടയാൻ ആഭ്യന്തരമന്ത്രി അമിത് ഷാ പരമാവധി ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ വലിയ കോപവും വൈകാരിക വേദനയുമുണ്ടെന്നും ഇതു സർക്കാരിനെതിരേയുള്ള ഒറ്റപ്പെട്ട പ്രതിഷേധമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനം റാലിയിൽ പങ്കെടുക്കണം: ശശി തരൂർ
നാളത്തെ ഇന്ത്യ സഖ്യം റാലിയിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടുപ്പു പ്രക്രിയകളെയും ജനാധിപത്യസ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് പൊതുജനങ്ങളുടെ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നു വ്യക്തമാക്കിയ തരൂർ, വോട്ടർ പട്ടികകളെയും തെരഞ്ഞെടുപ്പു പ്രക്രിയയെയും കുറിച്ചുള്ള ആശങ്കകൾ തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
വലിയതോതിൽ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തത് പൗന്മാർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികളിൽനിന്നു വിശദീകരണവും ബാധ്യസ്ഥതയും തേടണമെന്നും തരൂർ പറഞ്ഞു.
Tags : Trial GyaneshKumar RahulGandhi SasiTarror SasiTharoor IndiaAlliance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash