ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയെച്ചൊല്ലി കോൺഗ്രസിൽ അഭിപ്രായഭിന്നത. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ചിദംബരവും ശശി തരൂരും തമ്മിലാണ് ഉച്ചകോടി മൂലം രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളെച്ചൊല്ലി വ്യത്യസ്ത നിലപാടുകളെടുത്തത്.
ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ഇന്ത്യ നേടിയ വ്യക്തമായ നേട്ടങ്ങളെ ചിദംബരം ചോദ്യം ചെയ്തപ്പോൾ ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര സമ്മേളന ശക്തി പ്രകടമാക്കുന്നുവെന്നായിരുന്നു തരൂരിന്റെ മറുപടി.
എത്ര പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും വരുന്നുണ്ട് എന്നതു താൻ കണക്കിലെടുക്കുന്നില്ലെന്നും കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികൾക്കു വ്യക്തമായ നേട്ടങ്ങളോ ഫലങ്ങളോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് താൻ കരുതുന്നുവെന്നുമായിരുന്നു ചിദംബരം കഴിഞ്ഞദിവസം പറഞ്ഞത്.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി ഉൾപ്പടെ വിമർശനമുന്നയിച്ചപ്പോഴാണ് കോൺഗ്രസ് നേതാവായ തരൂരിന്റെ ഭാഗത്തുനിന്ന് ചിദംബരത്തിന്റെ നിലപാടുകളെ തള്ളുന്ന പ്രസ്താവനയുണ്ടായത്.ഉച്ചകോടി ഗ്ലോബൽ സൗത്തിനു പ്രധാന പ്ലാറ്റ്ഫോം ഒരുക്കുകയാണെന്ന് ബ്രിക്സിന്റെ നേട്ടമായി തരൂർ ചൂണ്ടിക്കാട്ടി.