ശശി തരൂർ
ന്യൂഡൽഹി: നേപ്പാളിലെ പ്രളയദുരന്തത്തെക്കുറിച്ചുള്ള സാമൂഹികമാധ്യമ കുറിപ്പിലെ ഡ്രാമ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്ത്. പരാമർശത്തിനു പിന്നാലെ തരൂരിനെതിരേ വൻ വിമർശനമുയർന്ന സാഹചര്യത്തിലാണു വിശദീകരണവുമായി രംഗത്തെത്തിയത്.
ഡ്രാമ എന്ന പദത്തിന് നാടകം എന്നു മാത്രമല്ല അർഥമുള്ളതെന്നും തീവ്രമായ പ്രതികൂല ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥയെയോ സംഭവപരമ്പരകളെയോ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ടെന്നും തരൂർ വ്യക്തമാക്കി.
എന്നാൽ, എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാക്ക് തെരഞ്ഞെടുക്കേണ്ടിയിരുന്നില്ലെന്നും അതിൽ ഖേദിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് തരൂർ ഇക്കാര്യത്തിൽ വിശദീകരണം നടത്തിയത്.
നേപ്പാളിലെ മിന്നൽപ്രളയത്തിനു പിന്നാലെ തരൂർ പങ്കുവച്ച കുറിപ്പാണു വിവാദങ്ങൾക്ക് തുടക്കമിട്ടത്. മലനിരകളിൽ സംഭവിച്ച ഇത്രയും വലിയൊരു ഡ്രാമയെക്കുറിച്ചും അതിനുകാരണമായ മഹാദുരന്തത്തെപ്പറ്റിയും തികച്ചും അജ്ഞനായിട്ടാണ് താൻ ഇന്നലെ കാഠ്മണ്ഡുവിലേക്കു വിമാനം കയറിയതെന്നാണു തരൂരിന്റെ ആദ്യപോസ്റ്റ്.
ഡ്രാമയെന്ന വാക്ക് വിവാദമായതിനു പിന്നാലെയാണു വിശദീകരണം.
Tags : Misinterpreted SasiTharoor Explains NepalFloods Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash