പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമനയിലെ കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ നിർണായക വഴിത്തിരിവ്. 2017ൽ ജയമാധവൻ നായർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിലെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പൊലിസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ദുരൂഹതകൾ നിലനിന്ന കേസിൽ നിർണായകമായ അന്വേഷണ പുരോഗതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കൂടം കുടുംബത്തിൽ വിവിധ കാലഘട്ടങ്ങളിലായി ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജയമാധവൻ നായർ വധക്കേസിൽ രവീന്ദ്രൻ നായർക്കൊപ്പം അനിൽ, സാജു എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കിയിരിക്കുന്നത്. 2017ൽ നടന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങളും ബ്രെയിൻ മാപ്പിംഗ് പരിശോധനയുമാണ് കേസിൽ നിർണായകമായതെന്നാണ് റിപ്പോർട്ട്.
സ്വത്ത് കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയമാധവൻ നായരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ. തലയ്ക്ക് പരിക്കേൽപ്പിച്ചശേഷം ഗുരുതരാവസ്ഥയിലായ ജയമാധവൻ നായരെ അടുത്ത ദിവസമാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. കൂടം കുടുംബത്തിലെ സ്വത്ത് സ്വന്തമാക്കുന്നതിനായി കുടുംബാംഗങ്ങളെ ആസൂത്രിതമായി ഇല്ലാതാക്കിയതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Tags : Karamana Koodam Family Koodam Family Mystery Raveendran Nair Arrested Jayamadhavan Nair Murder Case Karamana Mystery Deaths Thiruvananthapuram