രാഹുൽ ഗാന്ധി.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗക്കിദാർ ചോർ ഹേ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. കേസിലെ തുടർനടപടികൾ സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ജസ്റ്റീസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിനും പരാതിക്കാരനായ എം.എച്ച്. ശ്രീശ്രീമാലിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ക്രിമിനൽ അപകീർത്തിക്കേസിലെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ഹാജരായി. 2018 സെപ്റ്റംബർ 20ന് രാജസ്ഥാനിൽ നടത്തിയ പൊതുയോഗത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.
Tags : Rahul Gandhi Supreme Court Rahul Gandhi Case Defamation Case Narendra Modi Chowkidar Chor Hai Supreme Court Verdict Congress Party