മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും
തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ അമർഷം പുകയുന്നു. പിണറായിക്ക് അനുകൂലമാകുന്ന തരത്തിലുള്ള സർക്കാർ വാദം കേസിൽ ഇതുവരെ കോൺഗ്രസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനെ ദുർബലപ്പെടുത്തുമെന്നാണ് മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തൽ.
പിണറായി വിജയന്റെ അപ്പീലിന് ബലം പകരുന്ന തരത്തിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സർക്കാർ നടത്തിയ വാദങ്ങളെന്നാണ് വിമർശനം. കേസിലെ പരാതിക്കാരനെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്ന നിലപാടുകൾ സ്വീകരിച്ചതിലാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുള്ളത്. മാസപ്പടി വിവാദം ഉയർന്നതുമുതൽ പിണറായി വിജയനെ ലക്ഷ്യമിട്ട് ശക്തമായ രാഷ്ട്രീയ ആക്രമണമാണ് കോൺഗ്രസ് നടത്തിവന്നത്.
തെരഞ്ഞെടുപ്പുകളിലടക്കം വിഷയം സജീവമായി ഉന്നയിച്ച് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചതുമുതൽ കേസിൽ കോൺഗ്രസിന്റെ നിലപാടിൽ അയവുവന്നുവെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ സർക്കാർ വാദത്തോടെ ഈ മാറ്റം കൂടുതൽ പ്രകടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. കേസിൽ സർക്കാരിന്റെ നിലപാട് പിണറായി വിജയന് അനുകൂലമാകുന്ന തരത്തിലാണെന്ന വിമർശനവും ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം ഇതെക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല.
Tags : Masappadi Case Congress Pinarayi Vijayan High Court Matthew Kuzhalnadan Controversy ED Investigation