സിജെപി പ്രതിഷേധത്തിൽ നിന്ന്
ന്യൂഡൽഹി: ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ സിജെപി നേതാക്കൾക്കെതിരെ പൊലിസ് കേസെടുത്തു. ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെ കേസെടുത്തത്. രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇതുവരെ വിട്ടയച്ചിട്ടില്ല. അതേസമയം ഇവർക്കൊപ്പം പിടികൂടിയ മറ്റുള്ളവരെ പൊലിസ് വിട്ടയച്ചു.
സിജെപി നേതാക്കളെ വിട്ടയക്കാത്തതിലും ജന്തർ മന്തർ അടച്ചുപൂട്ടിയതിലും പ്രതിഷേധം ശക്തമാക്കുമെന്ന് കൺവീനർ അഭിജീത് ദീപ്കെ അറിയിച്ചു. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും ഡൽഹി പൊലിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തട്ടിക്കൊണ്ടുപോകൽ സംഘമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുന്നവരെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ഇത്തരം നീക്കങ്ങളെ തിരിച്ചറിയണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്നും ദീപ്കെ പറഞ്ഞു. എന്നാൽ ഡൽഹി പൊലിസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ചായിരുന്നു സിജെപിയുടെ മിന്നൽ പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റിന് സമീപത്തെ ഇടവഴിയിലൂടെ എത്തിയ പ്രവർത്തകർ മതിൽ ചാടിക്കടന്നാണ് ജന്തർ മന്തറിനുള്ളിൽ പ്രവേശിച്ചത്.
ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചതിനു പിന്നാലെ പൊലിസ് എത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചതിനും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനുമാണ് സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിൻഡെ എന്നിവർക്കെതിരെ നടപടിയുണ്ടായത്. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന നടപടികളിൽ ഏർപ്പെടരുതെന്നായിരുന്നു ജാമ്യവ്യവസ്ഥ. ജന്തർ മന്തർ തിരിച്ചുപിടിച്ചെന്നും ഇനി ആർക്കും ഇവിടേക്ക് കടക്കാമെന്നും സൗരവ് ദാസ് എക്സിൽ കുറിച്ചു.
Tags : Jantar Mantar Protest CJP Leaders Delhi Police Protest in Delhi CJP Protest Sourav Das Ashutosh Ranka Abhijeet Deepke