മന്ത്രി സി.പി.ജോൺ
തിരുവനന്തപുരം: മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നു. ഈ കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചുവരികയാണെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. ലഹരിയുടെ സ്വാധീനത്തിൽ ബോധപൂർവം വാഹനമോടിച്ച് ജീവഹാനിയുണ്ടാക്കുന്ന സംഭവങ്ങളെ അശ്രദ്ധമൂലമുണ്ടാകുന്ന സാധാരണ അപകടങ്ങളായി കാണാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം കേസുകളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വാഹനങ്ങൾ കണ്ടുകെട്ടാനും ജയിലിലടയ്ക്കാനുമുള്ള നടപടികൾ ശക്തമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിയമസഭയിൽ സി.വി. ശാന്തകുമാർ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിനായി മുഖ്യമന്ത്രി ചെയർമാനും ഗതാഗതമന്ത്രി കോ-ചെയർമാനുമായി റോഡ് സുരക്ഷാ മിഷൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, യുവജനക്ഷേമം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, റവന്യൂ എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഗവേണിംഗ് കൗൺസിൽ സംവിധാനം ഉടൻ നിലവിൽ വരും. ഈ കൗൺസിലിന് കീഴിൽ മിഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യം.
നിലവിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ പ്രതിവർഷം ഏകദേശം 4,000 പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാ അപകടങ്ങളും പൂർണമായി ഇല്ലാതാക്കുമെന്ന് അവകാശപ്പെടുന്നില്ലെങ്കിലും റോഡ് സുരക്ഷാ മിഷനിലൂടെ അപകടങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Tags : Vehicle Accidents Drunk Driving Drug-Impaired Driving Special Law Kerala Government Road Safety Mission C P John Road Accident Deaths Strict Penalties