രോഹിത് ശർമ.
മുംബൈ: അടുത്ത ഐപിഎൽ സീസണു മുന്നോടിയായി മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. നായകസ്ഥാനത്തേക്ക് രോഹിത് ശർമ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച മുൻ നായകന് വീണ്ടും നേതൃത്വച്ചുമതല നൽകാൻ മാനേജ്മെന്റിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2024 സീസണു മുന്നോടിയായാണ് രോഹിത് ശർമയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നായകനായി നിയമിച്ചത്. എന്നാൽ ഹാർദിക്കിന്റെ നേതൃത്വത്തിൽ 2024ൽ ടീം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025ൽ പ്ലേഓഫിലെത്തിയെങ്കിലും 2020നു ശേഷം ഫൈനലിൽ ഇടം നേടാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല.
രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്നുണ്ടായ ഡ്രസിംഗ് റൂമിലെ അസ്വാരസ്യങ്ങളും ആരാധകരുടെ അതൃപ്തിയും ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന വിലയിരുത്തലുകളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ നായകനെ വീണ്ടും ചുമതലയേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നത്.
ഹാർദിക് പാണ്ഡ്യ നായകസ്ഥാനമൊഴിയുകയാണെങ്കിൽ സൂര്യകുമാർ യാദവിനെയോ തിലക് വർമയെയോ നായകനാക്കാനുള്ള സാധ്യത നേരത്തേ ചർച്ചയായിരുന്നു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതും തിലക് വർമയെ ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചതും ഇരുവരെയും ഭാവി നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതകൾ വർധിപ്പിച്ചിരുന്നു.
എന്നാൽ 2027 സീസണിൽ രോഹിത്തിന്റെ പരിചയസമ്പത്തിന് മുൻഗണന നൽകാനാണ് ടീം മാനേജ്മെന്റ് താൽപര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രോഹിത് ശർമയുടെ തിരിച്ചുവരവിനെക്കുറിച്ചോ നായകമാറ്റത്തെക്കുറിച്ചോ മുംബൈ ഇന്ത്യൻസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
Tags : Rohit Sharma Mumbai Indians Captaincy Ipl Rohit Sharma Captain Hardik Pandya Mumbai Indians Captain