കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർഥാടകരെ കാണാതായതായി സ്ഥിരീകരിച്ച് സദ്‍ഗുരു. കൈലാസ മാനസസരോവർ തീർഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
പ്രളയസമയത്ത് ഇവർ ഗൈറോംഗ് ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നു. ഇമിഗ്രേഷൻ ഓഫീസിന് മുകളിലേക്ക് പ്രളയജലം പതിക്കുന്നതിന്‍റെയും നാശം വിതയ്ക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മഹാപ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും ഗൈറോംഗ് ടൗണും ഇമിഗ്രേഷൻ കെട്ടിടവും പൂർണ്ണമായും വെള്ളത്തിനടിയിലായതായും സദ്ഗുരു അറിയിച്ചു.
ഇമിഗ്രേഷൻ ഓഫീസിൽ ഉണ്ടായിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. യാത്ര പുറപ്പെട്ട 21 ഗ്രൂപ്പുകളിലായുള്ള 495 പേർ സുരക്ഷിതമായി മടങ്ങിയെത്തിയതായും 743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും തുടരുന്നതായും സദ്ഗുരു വ്യക്തമാക്കി.