ആരോഗ്യമന്ത്രി കെ. മുരളീധരൻ
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനം നേരിട്ടു വിലയിരുത്താനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്ന് അട്ടപ്പാടിയിലെത്തും.
രാവിലെ 9.30നു കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും 11ന് അഗളി സാമൂഹികാരോഗ്യകേന്ദ്രവും സന്ദർശിക്കുന്ന മന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗങ്ങളിൽ പങ്കെടുത്ത് സാഹചര്യം വിലയിരുത്തും. മേഖലയിലെ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ സംവിധാനങ്ങളും പ്രതിരോധപ്രവർത്തനങ്ങളും അവലോകനം ചെയ്യും.
മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും മെഡിക്കൽ വിദ്യാഭ്യാസവകുപ്പും വിദഗ്ധസംഘങ്ങളെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. മൂന്നുദിവസം സ്ഥലത്ത് ക്യാന്പ് ചെയ്തുള്ള പഠനത്തിനായി സംഘം വ്യാഴാഴ്ച അട്ടപ്പാടിയിലെത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഉൗരുകൾ, ആശുപത്രികൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തിവരികയാണ്.
മേഖലയിലെ മുഴുവൻ ഗർഭിണികളെയും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെയും നേരിട്ടു പരിശോധിച്ച് ആവശ്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കും.
2026ൽ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്ത നവജാതശിശു, ശിശു, ബാലമരണങ്ങൾ വിശദമായി പരിശോധിച്ച് മരണങ്ങളുടെ ഓഡിറ്റും നടത്തും. മൊബൈൽ മെഡിക്കൽ സംഘങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളും പോഷക പുനരധിവാസകേന്ദ്രത്തിന്റെ പ്രവർത്തനവും വിലയിരുത്തും.
വിദഗ്ധസമിതിയുടെ ശിപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണു നിർദേശം.
Tags : HealthMinister KMuraleedharan Visit Attappadi InfantDeaths Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash