Kerala
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരിച്ചു. കടമ്പാറ ഉന്നതിയിലെ രങ്കസ്വാമി ആണ് മരിച്ചത്. ഈ മാസം ഒന്‍പതിനാണ് വീടിനു മുന്നില്‍ വച്ച് കാട്ടാന ആക്രമിച്ചത്.
പുലര്‍ച്ചെ ഷോളയൂരിലെ ഉന്നതിക്ക് സമീപമുള്ള തോട്ടിലേക്ക് നടക്കുമ്പോഴാണ് രങ്കസ്വാമിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. ആദ്യം കോട്ടത്തറയിലെ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
District News
അഗളി: അഗളി കൃഷിഭവൻ, പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം എന്നിവ സംയുക്തമായി നാച്ചുറൽ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
അഗളി ഇഎംഎസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനു ചാക്കോ അധ്യക്ഷനായി. അംഗങ്ങളായ സി.പി. ബാബു, അക്ഷയ് പി. ജോസഫ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജീവാമൃതം, പഞ്ചഗവ്യം, സൊല്യൂഷൻ ലീഫ്, എക്സ്ട്രാ ഫിഷ്, അമിനോ ആസിഡ് എന്നീ ഉത്പന്നങ്ങളുടെ പ്രദർശനവും പ്രോഡക്ട് ലോഞ്ചിംഗ് നടന്നു.
പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫ. അഞ്ജു, ജൈവ കർഷകനായ ബിനോയ് പി. ഉലകന്മാർ എന്നിവർ ക്ലാസ് നയിച്ചു. അഗളി കൃഷി ഓഫീസർ പ്രവിജിത്ത് സ്വാഗതവും പാലക്കാട് കെവികെ അസിസ്റ്റന്റ് പ്രഫ. കെ.മഞ്ജു നന്ദിയും പറഞ്ഞു.
District News
പാലക്കാട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം പ്രകാരം വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അട്ടപ്പാടിയിലെ ഗോത്രവർഗമേഖലകളിൽ സന്ദർശനം നടത്തി.
കമ്മീഷൻ ചെയർമാൻ ഡോ.ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിൽ തേക്കുപന, ദൊഡുഗട്ടി എന്നീ ഊരുകളിലാണ് കഴിഞ്ഞദിവസം സന്ദർശനം നടത്തിയത്. റേഷൻ ഗുണഭോക്താക്കളെ നേരിൽകണ്ട കമ്മീഷൻ പദ്ധതികളുടെ ആനുകൂല്യം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. തേക്കുപന, ദൊഡുഗട്ടി മേഖലകളിൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ സേവനം ലഭ്യമാക്കുമെന്നും ഊരുകളിലുള്ളവർക്ക് ഗോതന്പിനു പകരം ആട്ട നൽകാൻ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കമ്മീഷൻ അംഗങ്ങളായ ഷീല വിജയകുമാർ, മുരുകേഷ് ചെറുനാലി, മെംബർ സെക്രട്ടറി ബിജു ശങ്കർ, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ ടി.വി. മിനിമോൾ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
Kerala
പാലക്കാട്: സിപിഎം അട്ടപ്പാടി മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. വി.ആർ. രാമകൃഷ്ണനാണ് ബിജെപിയിൽ ചേർന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വി.ആർ. രാമകൃഷ്ണൻ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു.
ഇതിനുപിന്നാലെ അഗളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ജംഷീർ ഫോണിലൂടെ വധഭീഷണി മുഴക്കിയത് ഏറെ വിവാദമായിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും രണ്ടു ടേമുകളിലായി ആറു വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്നു വി.ആർ. രാമകൃഷ്ണൻ.
അതേസമയം രാമൃഷ്ണനെ നാലര വർഷം മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. നാലരവർഷം മുൻപ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്.
District News
അഗളി: ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി മൈ ഭാരത് വോളന്റിയർ കാന്പയിനു തുടക്കമായി. വട്ട്ലക്കി ഉന്നതിയില്‍ നടന്ന പരിപാടി ചൊറിയ മൂപ്പന് ഉദ്ഘാടനം ചെയ്തു.
ക്ഷയരോഗികള്‍ക്ക് വേണ്ടി ബോധവത്കരണം, കൗണ്‍സലിംഗ്, മാനസിക പിന്തുണ എന്നിവ നല്‍കുന്നതിന്റെ ഭാഗമായാണ് കാമ്പയിന് നടപ്പിലാക്കുന്നത്.
പരിപാടിയില്‍ ഷോളയൂര്‍ പഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ ക്ഷയരോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഉന്നതികളിലും, പ്രദേശങ്ങളിലും കാമ്പയിന് തുടരുമെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ.ആർ. വിശാഖ് പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. കാളിസ്വാമി അധ്യക്ഷനായ പരിപാടിയില്‍ അട്ടപ്പാടി ടിബി യൂണിറ്റ് സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ശരണ്യ, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ഉമ, ആശ വര്‍ക്കര്‍ നഞ്ചമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.
Kerala
പാലക്കാട്: അട്ടപ്പാടിയിൽ വനപാലകസംഘം വനത്തിൽ കുടുങ്ങി. കടുവാ സെൻസസിന് പോയവരാണ് വനത്തിൽ കുടുങ്ങിയത്.
അഞ്ചംഗസംഘമാണ് വനത്തിൽ അകപ്പെട്ടത്. പുതൂർ മേഖലയിലാണ് കുടുങ്ങിയത്.
സംഘത്തിലെ രണ്ട് പേർ വനിതകളാണ്. പുതൂർ ആർആർടി സംഘം സ്ഥലത്തേയ്ക്ക് തിരിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി നന്ദഗോപാൽ(22) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയ്ക്കെത്തിയ വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയത്ത് നന്ദഗോപാൽ അപകടത്തിൽപ്പെടുകയായിരുന്നു.
വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.
Kerala
പാലക്കാട്: എസ്ഐആർ കാമ്പയിന് അട്ടപ്പാടി ആദിവാസി ഊരുകളിൽ മികച്ച തുടക്കം.
അട്ടപ്പാടി ബ്ലോക്ക് പരിധിയിൽ വരുന്ന ഷോളയൂർ പഞ്ചായത്തിലെ സിങ്കംപാറ മുത്തികുളം ആദിവാസി ഉന്നതയിലുള്ള 180-ാം നന്പർ പോളിംഗ് ബൂത്തിൽ നൂറുശതമാനംപേരും നേരിട്ട് രജിസ്റ്റർ ചെയ്ത് രാജ്യത്തിനു മാതൃകയായി.
അട്ടപ്പാടി ബ്ലോക്കിലെ ഒറ്റപ്പെട്ടുകിടക്കുന്ന ഈ ഉന്നതിയിലെ നിവാസികൾക്കു സ്വന്തം പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെത്താൻ തമിഴ്നാട്ടിലൂടെ ഏകദേശം 120 കിലോമീറ്റർ സഞ്ചരിക്കണം. അട്ടപ്പാടിയിൽ ഉൾപ്പെടുന്നതാണെങ്കിലും ഈ ദൂരക്കൂടുതൽമൂലം സർക്കാരിന്റെ മിക്ക ആനുകൂല്യങ്ങളും ഇവർക്ക് അന്യമായിരുന്നു.
District News
അഗളി: വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ സാമൂഹിക പഠനമുറികൾ. പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിവഴി 43 പഠനമുറികളാണ് ഒരുക്കിയത്.
സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വീട്ടിൽ പഠനാന്തരീക്ഷം ഇല്ലാത്തതിനാൽ പഠനത്തിൽ പിന്നിലാകുന്നത് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സാമൂഹിക പഠനമുറികൾ പ്രവർത്തിക്കുന്നത്.
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ 12, പുതൂർ ഗ്രാമപഞ്ചായത്തിൽ 13, അഗളി ഗ്രാമപഞ്ചായത്തിൽ 18 സാമൂഹിക പഠനമുറികളാണ് പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, കുടുംബശ്രീയിലൂടെ ലഘുഭക്ഷണം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയാണ് സാമൂഹ്യ പഠനമുറി ഒരുക്കിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4.30 മുതൽ 6.30 വരെയാണ് വിദ്യാർഥികൾക്ക് സാമൂഹ്യ പഠനമുറികൾ ഉപയോഗിക്കാൻ കഴിയുക.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ 12.30 വരെയും പഠനമുറികൾ ഉപയോഗിക്കാൻ സാധിക്കും. ഓരോ സാമൂഹിക പഠന മുറികളിലും ഓരോ ഫെസിലിറ്റേറ്ററുടെ സേവനവും വിദ്യാർഥികൾക്ക് ലഭ്യമാണ്. ഫെസിലിറ്റേറ്റർ വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും കുട്ടികളുടെ പ്രദേശിക ഭാഷയിൽ ക്ലാസുകൾ എടുത്തു നൽകുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.
District News
അഗളി: അട്ടപ്പാടിയിലെ ചരിത്രവും ഗോത്ര സംസ്കാരവും വിളിച്ചോതുന്ന ഇരുന്നൂറിലധികം ഫോട്ടോസുകളുടെ അപൂർവശേഖരവുമായി ഗവേഷകൻ.
അട്ടപ്പാടിയിലെ ആദിമ സംസ്കാരങ്ങളെകുറിച്ചും വ്യത്യസ്തമാർന്ന ഗോത്രവിഭാഗങ്ങളുടെ പൈതൃകങ്ങളെയും ജീവിത രീതികളെക്കുറിച്ചും പതിമൂന്നു വർഷത്തിലധികമായി ഗവേഷണം നടത്തുന്ന ഡോ.എ.ഡി. മണികണ്ഠൻ തന്റെ ഗവേഷണ കാലയളവിൽ ശേഖരിച്ചതാണ് ഈ ചിത്രങ്ങൾ.
നവീന ശിലായുഗകാലംമുതൽ സംഘകാലം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം വരെയുള്ള ചരിത്രം, പുരാവസ്തു, നരവംശ സംബന്ധിയായ ശേഷിപ്പുകളെ തെളിയിക്കുന്ന ഗുഹാചിത്രങ്ങൾ, മെൻഹിറുകൾ, സ്റ്റോൺ സർക്കിളുകൾ, നന്നങ്ങാടികൾ, സംഘകാല പോട്ടറിയുടെ ചിത്രങ്ങൾമുതൽ അട്ടപ്പാടിയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രങ്ങൾവരെ ഈ ഗവേഷകന്റെ ശേഖരത്തിലുണ്ട്.
അട്ടപ്പാടി താഴ്വരയുടെ മഹത്തായ ചരിത്രത്തെയും സാമൂഹിക മാറ്റങ്ങളെയും വ്യക്തമായി അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ശേഖരത്തിലുള്ളത്.
വിവിധ ഗോത്ര വിഭാഗങ്ങളായ കുറുംമ്പ, മുഡുക, ഇരുള, ബഡഗ, തൊഡാസ് എന്നിവരുടെ സംസ്കാരം, പൈതൃകം, ജീവിത രീതികൾ, മൂപ്പന്മാർ, വാദ്യോപകരണങ്ങൾ തുടങ്ങി അട്ടപ്പാടിയുടെ കാലാന്തരത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളുണ്ട്.
2012 മുതൽ 2025 വരെ നടത്തിയ ഫീൽഡ് വർക്കിലൂടെയും, വിവിധ സ്ഥലങ്ങളിലെ ആർക്കവ്സിൽ നിന്നും, തദ്ദേശീരായ ആളുകളിൽനിന്നും ശേഖരിച്ചതാണ് അപൂർവമായ ഫോട്ടോകൾ. മ്യൂസിയം, ഫോട്ടോഗാലറി, എക്സിബിഷൻ തുടങ്ങിയവക്ക് നല്ലൊരു മുതൽക്കൂട്ടായിരിക്കും ഇതെന്നു ഡോ.എ.ഡി. മണികണ്ഠൻ പറയുന്നു. ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സ്കൂൾ കുട്ടികൾ, പൊതുജനങ്ങൾ എന്നിവർക്കുവേണ്ടി വിപുലമായ എക്സിബിഷൻ സംഘടിപ്പിക്കാൻ താത്പര്യമുള്ളവരുമായി സഹകരിക്കാനും തീരുമാനമുണ്ട്.
ഗവേഷണഫലമെന്നോണം അട്ടപ്പാടിയെ സംബന്ധിച്ച മൂന്നു പുസ്തകങ്ങൾ ഡോ. മണികണ്ഠന്റഅ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അട്ടപ്പാടി ആൽബം എന്ന പേരിൽ അപൂർവഫോട്ടോസുകൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയും ഇദ്ദേഹം പങ്കുവയ്ക്കുന്നു.