അഗളി: അട്ടപ്പാടിയിൽ രണ്ടിടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. അഗളി പുതൂർ പഞ്ചായത്തിലെ മുള്ളി സ്വദേശി വെള്ളിങ്കിരി (30), ഷോളയൂർ പഞ്ചായത്തിലെ പെട്ടിക്കൽ വടക്കേടത്ത് ബിൻസി ഷാജി (51), ഓട്ടോഡ്രൈവർ പെട്ടിക്കൽ സ്വദേശി പ്രസാദ് (48) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ നാലോടെ മുള്ളിപ്പുഴയുടെ സമീപത്തുനിന്നാണു വെള്ളിങ്കിരിക്ക ുനേരെ ആക്രമണമുണ്ടായത്. വെള്ളിങ്കിരിക്കു ഗുരുതര പരിക്കേറ്റു.
അഗളി ഗവ. ഹൈസ്കൂളിൽ ജീവനക്കാരിയായ ബിൻസി, പ്രസാദിന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ പുലർച്ചെ 5.30ഓടെയാണ് കാട്ടാനയുടെ മുന്പിൽപെട്ടത്. ചിറ്റൂർ ജംഗ്ഷനുസമീപം ശിരുവാണിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിനടുത്തു മറഞ്ഞു നിന്ന കാട്ടാന ഓട്ടോ കുത്തിമറിച്ചു.
കാട്ടിലേക്കു തെറിച്ചുവീണ ഓട്ടോയിൽനിന്ന് ഡ്രൈവർ പ്രസാദ് പരിക്കുകളോടെ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രസാദ് അറിയിച്ചതനുസരിച്ച് ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട ബിൻസിയെ പെട്ടിക്കല്ലിൽനിന്ന് ആളുകളെത്തിയാണു രക്ഷപ്പെടുത്തിയത്.
സമീപത്തുതന്നെ നിലയുറപ്പിച്ച കാട്ടാന ആക്രമിച്ചേക്കുമെന്ന ഭയത്തിൽ ശബ്ദമുണ്ടാക്കാതെ വേദന കടിച്ചമർത്തി ബിൻസി ഏറെനേരം കിടന്നു. പഞ്ചായത്തംഗം ജി. ഷാജു, അറയ്ക്കൽ പ്രദീപ്, മിനർവ പ്രദീപ് എന്നിവർ സ്ഥലത്തെത്തി ഓട്ടോ ഉയർത്തി ബിൻസിയെ രക്ഷിക്കുകയായിരുന്നു. മുഖത്തും വാരിയെല്ലിനും ഇടതുകാലിനും ബിൻസിക്കു പരിക്കേറ്റിട്ടുണ്ട്.
വനം-റവന്യു ഉദ്യോഗസ്ഥർ, പോലീസ്, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. ഏതാനും ആഴ്ചകളായി അട്ടപ്പാടിയിൽ കാട്ടാനശല്യമുണ്ട്.
Tags : Attappadi Wild Elephant attack Three injured Kattana