കേരള ഹൈക്കോടതി
കൊച്ചി: അനധികൃത ഫ്ലക്സുകളുടെയും ബോര്‍ഡുകളുടെയും കാര്യത്തില്‍ നിയമലംഘനം തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി.
കോടതി ഉത്തരവുകള്‍ ലംഘിച്ച് അനധികൃത ബോര്‍ഡുകള്‍ വ്യാപകമാകുന്നതായി അമിക്കസ് ക്യൂറി നല്കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി ഉത്തരവ് അംഗീകരിച്ചിട്ടും എന്തുകൊണ്ടാണു സംസ്ഥാനത്ത് സര്‍ക്കാര്‍ തമിഴ്നാട് സ്വീകരിച്ചതുപോലെ നിരോധനമടക്കം നടപടികള്‍ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു.
കോടതി നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കണം. തങ്ങളുടെ പരിധിയിലുള്ള മേഖലകളില്‍നിന്ന് അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാനും ഭാവിയില്‍ സ്ഥാപിക്കാതിരിക്കാനും തദ്ദേശഭരണ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
കൊല്ലത്തും തിരുവനന്തപുരത്തും അനധികൃത ഫ്ലക്സുകളും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുള്ളതായി ഹര്‍ജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍, മതസ്ഥാപനങ്ങള്‍, മര്‍ച്ചന്റ്സ് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവരാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം തുടര്‍ന്നാല്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാര്‍ കോടതിയില്‍ നേരിട്ടു ഹാജരാകേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നല്കി.
Tags : Unauthorized FluxBoards KeralaHighCourt JudicialAction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash