ഡൽഹി: റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ച് വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്.
എമിറേറ്റ്സിന്റെ ബോയിംഗ് 777-300 വിമാനത്തിലാണ് പക്ഷിയിടിച്ചത്. തകരാർ മൂലം വിമാനത്തിന്റെ മടക്കയാത്ര 15 മണിക്കൂറിലേറെ വൈകും. ഇകെ 517 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. നാളെ രാവിലെ ഏഴോടെ തകരാർ പരിഹരിച്ച് മടങ്ങാനാവുമെന്ന പ്രതീക്ഷയാണ് വിമാന കമ്പനി പങ്കുവച്ചത്.
ക്രൂ അംഗങ്ങൾ അടക്കം 357 പേരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് നേരിട്ട കാലതാമസത്തിൽ ഖേദം പ്രകടിപ്പിച്ച വിമാന കമ്പനി താമസ സൗകര്യമടക്കമുള്ളവ ഏർപ്പാടാക്കിയതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തോളമായി വിമാനത്തിൽ പക്ഷിയിടിക്കുന്ന സംഭവങ്ങൾ ഡൽഹി വിമാനത്താവളത്തിൽ വർധിക്കുന്നുണ്ട്. വിമാനത്താവള പരിസരത്ത് മാലിന്യം തള്ളുന്നതും ഇറച്ചി വിതരണ മെഷീൻ സ്ഥാപിച്ചതിനും പിന്നാലെ വിമാനത്താവള പരിസരത്ത് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായാണ് എയർഫീൽഡ് മാനേജ്മെന്റ് കമ്മിറ്റി കഴിഞ്ഞ മാസത്തെ മീറ്റിംഗിൽ വിശദമാക്കിയത്.
Tags : Emirates flight struck by bird landing nose cone Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash