കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കെതിരേ കോൺഗ്രസ് പ്രഖ്യാപിച്ച "വോട്ട് ബചാവോ, ദേശ് ബചാവോ’ (വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ) രാജ്യവ്യാപക പ്രചാരണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി 208 നേതാക്കളെ നിരീക്ഷകരായി നിയമിച്ചു. വോട്ട് ചോർച്ചയ്ക്കെതിരായ പ്രതിഷേധം ശക്തമായി തുടരുമെന്നതിന്റെ സൂചനയാണ് കോൺഗ്രസിന്റെ ഈ നീക്കം.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വെള്ളിയാഴ്ച രാത്രി വൈകി പ്രഖ്യാപനം നടത്തിയത്. അധീർ രഞ്ജൻ ചൗധരി, അവിനാശ് പാണ്ഡെ, പൃഥ്വിരാജ് ചവാൻ, നാനാ പടോലെ, കെ.എസ്. സുരേഷ്, അശോക് തൻവർ, അജോയ് കുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ പട്ടികയിലുണ്ട്.
വിവിധ ജില്ലകളിലായി പ്രചാരണം ഏകോപിപ്പിക്കുക, ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുക എന്നിവയാണു നിരീക്ഷകരുടെ ചുമതലകൾ. സംസ്ഥാനഘടകങ്ങളുമായി ചേർന്ന് ഇവർ പ്രവർത്തിക്കും.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ടും എസ്ഐആർ നടപടികൾക്കെതിരേയും പാർട്ടി ഈ മാസം പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളുടെ തുടർച്ചയായാണ് ഈ നിയമനങ്ങൾ. കഴിഞ്ഞ അഞ്ചിന് നടന്ന യോഗത്തിലാണ് വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട 13.3 കോടിയിലധികം വോട്ടർമാരിലേക്ക് എത്താൻ തീരുമാനിച്ചത്.
Tags : VoteBachaoDeshBachao Congress Appoints Observers Campaign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash