എം. ഗീതാനന്ദൻ
കൽപ്പറ്റ: സിബിഐ കേസിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന് മുത്തങ്ങ സമരത്തിന്റ തലച്ചോറായിരുന്ന എം. ഗീതാനന്ദൻ. വിധി പ്രഖ്യാപിക്കും മുന്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അപേക്ഷ.
താൻ പൊതുപ്രവർത്തകനാണ്. രണ്ട് മക്കളുമുണ്ട്. തന്നെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. 40 വർഷമായി ആദിവാസി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയാണ്. ശിക്ഷയിൽ ഇളവ് കിട്ടിയില്ലെങ്കിൽ മറ്റു പ്രതികളുടെ ജാമ്യം അടക്കം നിയമകാര്യങ്ങൾ തടസപ്പെടുമെന്നും ഗീതാനന്ദൻ കോടതിയിൽ ബോധിപ്പിച്ചു.
സ്വന്തമായി കിടപ്പാടം ഇല്ലാത്തതിനാലാണു ഭൂസമരത്തിൽ പങ്കെടുത്തതെന്നും ശിക്ഷിക്കരുതെന്നും അനിൽകുമാർ അപേക്ഷിച്ചു. ഭാര്യ ചികിത്സയിലാണെന്നും ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു രമേശന്റെ അപേക്ഷ. കൂലിപ്പണിക്കാരനായ താൻ വേടൻ ഗോത്ര സമുദായാംഗമാണെന്നും കുടുംബം നോക്കുന്നത് താനാണെന്നും ബിനു നെയ്യാറ്റിൻകര ബോധിപ്പിച്ചു.
തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകും
കേസിൽ ശിക്ഷിക്കപ്പെട്ട നാലു പേരും തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷയും തുടർന്ന് അപ്പീലും നൽകുമെന്ന് ഗീതാനന്ദൻ പറഞ്ഞു. പോലീസുകാരൻ വിനോദ് മരിച്ച സംഭവത്തിൽ കോടതി ഉത്തരവ് നീതിയുക്തമാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ കുറ്റക്കാരെന്നു കണ്ടെത്തിയതിൽ അനൗചിത്യമുണ്ടെന്നും ഗീതാനന്ദൻ പറഞ്ഞു.
മുത്തങ്ങ സമരഭൂമിയിൽ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ട സംഭവം എഫ്ഐആറിൽ ഒതുങ്ങിയത് വിവേചനമാണെന്നു ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. ജോഗിയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്പിൽ നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
വിനോദ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഉത്തരവ് നിരാശാജനകമാണെന്നും ന്യായത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരൻ തളിപ്പറന്പ് കൊയ്യം കെ.വി. ബാബു പ്രതികരിച്ചു. റിട്ട.പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
പോലീസുകാരൻ വിനോദിന്റെ മരണം, അബ്ദുൾസലാമിനും ശശിധരനും നേരേ നടന്ന ആക്രമണം എന്നിവ ഉൾപ്പെട്ട സിബിഐ കേസിൽ 57 പ്രതികളാണുള്ളത്. ഇതിൽ 15 പേർ ഇതിനകം മരിച്ചു.
അപ്പപ്പാറ ചേകാടി ഉന്നതിയിലെ രാധാകൃഷ്ണനെ കാണാതായി. മറ്റുള്ളവരെയാണു കുറ്റവിമുക്തരാക്കിയത്. മുത്തങ്ങ സമരം നയിച്ച സി.കെ. ജാനു ഈ കേസിൽ പ്രതിയല്ല. പോലീസുകാരൻ വിനോദിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയല്ല രണ്ടാംപ്രതി അശോകൻ ആക്രമിച്ചതെന്നു കേസ് തീർപ്പാക്കുന്നതിനിടെ കോടതി പറഞ്ഞു.
കുടിയിറക്കിനിടെ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ആദിവാസി ചെമ്മാട് ജോഗി മരണാസന്നനായതു കണ്ട് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് വിനോദിനെ അശോകൻ ആക്രമിച്ചതെന്നു കോടതി നിരീക്ഷിച്ചു. വിനോദിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മൂന്നു മുറിവുകളിൽ ഒരെണ്ണമാണ് അശോകൻ മുഖേന സംഭവിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി.
കേസിൽ പ്രതികൾക്കായി ബത്തേരി ബാറിലെ അഡ്വ. ടി.എം. റഷീദും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബോബി ജോസഫും ഹാജരായി. കേസിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 46 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. നാലു പേർ ശിക്ഷിക്കപ്പെട്ട കേസിൽ യഥാക്രമം 29, 30 സാക്ഷികളാണ് അബ്ദുൾ സലാമും ശശിധരനും.
Tags : CBICase MuthangaStrike Geethanandan NoPunishment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash