ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: കെഎസ്ടിപി റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലയളവിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
2006ലെ കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു ലഭിച്ച പ്രത്യേക പരാതി പരിശോധിക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല എക്സിലൂടെ അറിയിച്ചു. പരാതിയിലെ വസ്തുതകൾ പരിശോധിക്കണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയി വിവരങ്ങൾ കണ്ടെത്താൻ വിജിലൻസിനെ അനുവദിക്കണമെന്നും മന്ത്രി കുറിപ്പിൽ വിശദീകരിച്ചു.
ഗ്യാനേഷ് കുമാറിനെതിരേ തുടർനടപടികൾ സ്വീകരിക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം നടത്താനാണു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കു നിർദേശം നൽകിയിട്ടുള്ളത്. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബിജെപിക്ക് എതിർപ്പ്
അതേസമയം സർക്കാരിന്റെ നടപടിയെ എതിർത്ത് ബിജെപി രംഗത്തെത്തി. റോഡ് നിർമാണ പദ്ധതിയിലെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്തുമ്പോൾ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ലക്ഷ്യമിടുകയും എന്നാൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ നിയമത്തെ തങ്ങൾക്ക് അനുകൂലമായ രീതിയിൽ മാത്രം വ്യാഖ്യാനിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.
Tags : KSTPCorruption RemeshChennithala Investigation GyaneshKumar NotPoliticallyMotivated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash