ലോഗോ
കോൽക്കത്ത/ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന ബംഗാളിലും തമിഴ്നാട്ടിലും മികച്ച പോളിംഗ്. തമിഴ്നാട്ടിൽ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. അധികാരത്തിൽ വന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ ടിവികെ സർക്കാരിന് ഇരു മണ്ഡലങ്ങളിലെയും വിജയം അനിവാര്യമാണ്.
മധുരാന്തകത്ത് 85.94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ധാരാപുരത്ത് 80.31 ശതമാനമാണു പോളിംഗ്. ഒരിടത്തും അനിഷ്ട സംഭവങ്ങളുണ്ടായില്ല. അണ്ണാ ഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നതാണ് ഉപതെരഞ്ഞെടുപ്പിനു കാരണം.
ബംഗാളിൽ നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിലാണു വിധിയെഴുത്തു നടന്നത്. നന്ദിഗ്രാമിൽ 79.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി. റെജിനഗറിൽ പോളിംഗ് 78.42 ശതമാനമാണ്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവച്ച ഒഴിവിലാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹസിറാണി രഥ് ആണ് ബിജെപി സ്ഥാനാർഥി.
കോൺഗ്രസിലെ മിലൻ പ്രധാൻ ആണു പ്രധാന എതിരാളി. മമത ബാനർജിയുടെ പിന്തുണ പ്രധാനാണ്. 20 വർഷം മുന്പുള്ള കേസുകളുടെ പേരിൽ മിലൻ പ്രധാൻ അറസ്റ്റിലായിരുന്നു. വോട്ടെടുപ്പിനു തൊട്ടുമുന്പാണ് പ്രധാൻ ജാമ്യത്തിലിറങ്ങിയത്. നന്ദിഗ്രാമിൽ വൻ വിജയമാണു ബിജെപി പ്രതീക്ഷിക്കുന്നത്.
ആം ജനത ഉന്നായൻ പാർട്ടി (എജെയുപി) അധ്യക്ഷൻ ഹുമയൂൺ കബീർ രാജിവച്ച ഒഴിവിലാണ് മൂർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കബീറിന്റെ മകൻ ഗുലാം നബി ആസാദ് ആണ് എജെയുപി സ്ഥാനാർഥി.
ബിജെപി സഖാറാവ് സർക്കാർ, തൃണമൂൽ മമത പക്ഷത്തെ റബിയുൾ ആലം ചൗധരി, വിമത തൃണമൂലിലെ സഫിയുസ്മാൻ ഷേഖ്, കോൺഗ്രസിലെ മുഹമ്മദ് അബ്ദുള്ളാഹി കാഫി, സിപിഎമ്മിലെ സയിദ് ആസാദ് അലി എന്നിവരും മത്സരിക്കുന്നു.
പോലീസുമായുണ്ടായ വാക്കേറ്റത്തെത്തുടർന്ന് ഹുമയൂൺ കബീറിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു. റെജിനഗറിലെ പാർട്ടി ഓഫീസിൽവച്ചായിരുന്നു പോലീസുമായി തർക്കമുണ്ടായത്. കബീറിനെ പോലീസ് പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
ആസാമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിൽ 80 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്.
Tags : TamilNadu WestBengal ByElection HighVoter Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash