ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധമാർച്ച്.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധമാർച്ചിനിടെ ജനപ്രതിനിധികൾക്കു നേരേ അതിക്രമം. ഡൽഹി പൊലിസും കേന്ദ്രസേനാ വിഭാഗങ്ങളും പ്രതിപക്ഷ എംപിമാരെ കൈയേറ്റം ചെയ്യുകയും മർദിക്കുകയും ചെയ്തതായി നേതാക്കൾ പരാതിപ്പെട്ടു.
കേരളത്തിൽനിന്നുള്ള എംപിമാർക്കു നേരേയും ശക്തമായ ബലപ്രയോഗമുണ്ടായി. പലരെയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും പൊലിസ് വാഹനത്തിനുള്ളിലിട്ട് മർദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, എം.പി. അബ്ദുസമദ് സമദാനി, ജോസ് കെ. മാണി, പി. സന്തോഷ് കുമാർ, എ.എ. റഹീം, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയ ജനപ്രതിനിധികളാണു കൈയേറ്റത്തിനിരയായത്.
ആകാശവാണി ഭവനുള്ളിൽ സത്യഗ്രഹമിരുന്ന കെ.സി. വേണുഗോപാൽ എംപിയെ തള്ളിമാറ്റി പ്രിയങ്ക ഗാന്ധി എംപിയെ ബലംപ്രയോഗിച്ച് രാത്രി എട്ടോടെ കസ്റ്റഡിയിലെടുക്കാൻ പൊലിസ് ശ്രമിച്ചതോടെ രംഗം കൂടുതൽ വഷളായി. ഈ നടപടിയിൽ ഇരുവർക്കും പരിക്കേറ്റു.
തൊട്ടുപിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരെ പൊലിസ് വാഹനത്തിലേക്കു ബലമായി വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു.
Tags : KeralaMP Assaulted INDIAAlliance ProtestMarch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash