പ്രതീകാത്മക ചിത്രം
വത്തിക്കാൻ സിറ്റി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തിജീവിതത്തിലേക്കും ചിന്തകളിലേക്കും വെളിച്ചം വീശുന്ന ‘ദ പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകം വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കുന്നു.
വിശ്വാസ തിരുസംഘത്തിന്റെ തലവനായ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് രചിച്ച ഈ ഗ്രന്ഥം നവംബർ 24ന് ലോകമെമ്പാടുമുള്ള 94 രാജ്യങ്ങളിൽ അഞ്ചു ഭാഷകളിലായി ഒരുമിച്ച് പ്രസിദ്ധീകരിക്കും.
1992 ഡിസംബർ 20 മുതൽ 2024 ഓഗസ്റ്റ് 18 വരെയുള്ള കാലയളവിൽ ജോർജ് മാരിയോ ബെർഗോളിയോ (ഫ്രാൻസിസ് മാർപാപ്പ) കുറിച്ചുവച്ച വ്യക്തിഗത കുറിപ്പുകളും അതിന്മേലുള്ള പഠനങ്ങളുമാണ് പുസ്തകത്തിലുള്ളത്.
2013 മാർച്ച് 13 മുതൽ 2025 ഏപ്രിൽ 21ൽ ദിവംഗതനാകുന്നതുവരെ കത്തോലിക്കാ സഭയെ നയിച്ച ഈശോസഭാംഗമായ മാർപാപ്പയുടെ ആന്തരികജീവിതവും വ്യക്തിത്വവും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് വത്തിക്കാൻ കമ്യൂണിക്കേഷൻ വിഭാഗം എഡിറ്റോറിയൽ ഡയറക്ടർ ആന്ദ്രെ തോർണിയല്ലി പറഞ്ഞു.
പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസും ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് പതിപ്പുകൾ പെൻഗ്വിൻ റാൻഡം ഹൗസും ഫ്രഞ്ച് പതിപ്പ് എഡിഷൻസ് അൽബിൻ മിഷേലുമാണ് വിപണിയിലെത്തിക്കുന്നത്.
ഇന്നുമുതൽ 11 വരെ നടക്കുന്ന ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ഈ പുസ്തകം വിവിധ അന്താരാഷ്ട്ര പ്രസാധകർക്കു മുന്നിൽ അവതരിപ്പിക്കും.
Tags : PopeFrancis Dairy Compiled Book Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash