നെല്ലുസംഭരണം
തിരുവനന്തപുരം: കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ലു കുത്തൽ (മില്ലിംഗ്) പൂർത്തിയാക്കാൻ കഴിയാത്തതുമായ മില്ലുകളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈക്കോയ്ക്കു നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതു സംബന്ധിച്ച ശിപാർശ സപ്ലൈകോ ഭക്ഷ്യവകുപ്പിനു നൽകിയിരുന്നു.
2026 ഖാരിഫ് സീസണിലേക്കുള്ള നെല്ലുസംഭരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കേണ്ടതിന്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്താണു നടപടി. ഇതോടെ നെല്ലുസംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു.
മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. മില്ലിംഗ് കാലയളവ് നീട്ടൽ അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും.
2025-26 ഖാരിഫ് സീസണിലെ നെല്ല് കുത്തിത്തീർക്കുന്നതിനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിൽ 2026 ഒക്ടോബർ 31 വരെ നീട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. 2025-26 റാബി സീസണിലെ നെല്ല് കുത്തിത്തീര്ക്കാൻ 2027 ജനുവരി 31 വരെ സമയം കേന്ദ്രസർക്കാർ നിലവിൽ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രനിർദേശങ്ങൾ സപ്ലൈകോ കർശനമായി പാലിക്കണം. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ഔട്ട്-ടേൺ അനുപാതം ഉൾപ്പടെയുള്ള എല്ലാ വ്യവസ്ഥകളും പാലിക്കണം.
കഴിഞ്ഞ സീസണിലെ മില്ലിംഗ് പൂർണമായും പൂർത്തിയാകുംവരെ കാത്തിരിക്കുന്നതു നെല്ലുസംഭരണം ആരംഭിക്കാൻ തടസമാകുമെന്നു വിലയിരുത്തിയാണു വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകിയത്. കഴിഞ്ഞ ഖാരിഫ് സീസണിലെ മില്ലിംഗ് കാലയളവ് ജൂലൈ 31 ന് അവസാനിച്ചെങ്കിലും, വിവിധ കാരണങ്ങളാൽ സമയപരിധിക്കകം മില്ലിംഗ് പൂർത്തിയാക്കാനായില്ല.
പ്രത്യേകാനുമതി ഉത്തരവിൽ ഉൾപ്പെട്ട മില്ലുകളുടെ വിശദാംശങ്ങൾ, ഓരോ മില്ലിലും ലഭ്യമായ നെല്ലിന്റെ സ്റ്റോക്ക്, അതത് വിള സീസണുകളിൽ മില്ലിംഗ് ചെയ്യാൻ ശേഷിക്കുന്ന അളവ്, അനുബന്ധ മില്ലിംഗ്, ബാധ്യതകളുടെ അവസ്ഥ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത പ്രസ്താവന സപ്ലൈകോ മാനേജിംഗ് ഡയറക്ടർ സർക്കാരിനു സമർപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Paddy Procurement Special Permission