പ്രതീകാത്മക ചിത്രം
വാഷിംഗ്ടണ് ഡിസി: 2026-27 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 7.1 ശതമാനമാക്കി ഉയർത്തി ലോകബാങ്കിന്റെ പുതിയ പ്രവചനം.
കാർഷികമേഖലയിലെ മാന്ദ്യത്തെ വ്യവസായ, സേവന മേഖലകളിലെ ശക്തമായ മുന്നേറ്റം മറികടക്കുമെന്നും ഇതിലൂടെ മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 50 ബേസിസ് പോയിന്റ് അധിക വളർച്ച നേടാനാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.
ലോകബാങ്കിന്റെ ഒക്ടോബറിലെ സൗത്ത് ഏഷ്യ ഇക്കണോമിക് അപ്ഡേറ്റ് പ്രകാരം ഇന്ത്യയുടെ 2027ലെ വളർച്ചാപ്രവചനം 6.6 ശതമാനത്തിൽനിന്നാണ് 7.1 ശതമാനമായി ഉയർത്തിയത്. 2028 സാന്പത്തികവർഷത്തിൽ 7.2 ശതമാനം വളർച്ചയും പ്രവചിക്കുന്നു. 2026 സാന്പത്തിക വർഷം ബാങ്കിന്റെ അനുമാനമായ 7.6 ശതമാനത്തേക്കാൾ രാജ്യത്തിന്റെ വളർച്ച 7.8 ശതമാനമായി ഉയർന്നിരുന്നു.
ഉയർന്ന എണ്ണവിലയും നാണ്യപ്പെരുപ്പ ഭീഷണിയും നിലനിൽക്കുന്പോഴും, ശക്തമായ ആഭ്യന്തര ഉപഭോഗം ഇന്ത്യയുടെ സാന്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ ലോകബാങ്കിനെ പ്രേരിപ്പിച്ചു.
ദക്ഷിണേഷ്യൻ മേഖലയുടെ ആകെ വളർച്ചാ പ്രവചനം 6.9 ശതമാനമായും ലോക ബാങ്ക് പുതുക്കി നിശ്ചയിച്ചു. ഈ മേഖലയുടെ സാന്പത്തികവളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യയുടെ പ്രകടനമാണ്. 2026ൽ 6.9 ശതമാനവും 2027ൽ 6.7 ശതമാനവും വളർച്ചയാണ് മേഖലയിൽ പ്രവചിക്കുന്നത്. എന്നാൽ, ഇന്ത്യയെ ഒഴിവാക്കിയാൽ ഇത് യഥാക്രമം 3.6 ശതമാനമായും 3.8 ശതമാനമായും കുറയും.
എഐ സ്വീകരിക്കണം
സമീപകാല സാന്പത്തികവളർച്ചാ പ്രവചനങ്ങൾക്കപ്പുറം, ദീർഘകാല വളർച്ച നിലനിർത്തുന്നതിനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വേഗത്തിൽ സ്വീകരിക്കണമെന്ന് ലോകബാങ്ക് നിർദേശിക്കുന്നു.
രാജ്യത്തിന്റെ അടുത്ത ഘട്ട ഉത്പാദനക്ഷമതയും വളർച്ചയും വർധിപ്പിക്കാൻ ശേഷിയുള്ള പ്രധാന ഘടകമായി എഐക്ക് റിപ്പോർട്ട് വലിയ പ്രാധാന്യം നൽകുന്നു. ലോകബാങ്ക് നടത്തിയ പുതിയ സർവേ പ്രകാരം, യുഎസിൽ 43 ശതമാനം കന്പനികൾ എഐ ഉപയോഗിക്കുന്പോൾ ഇന്ത്യയിൽ ഇത് വെറും 23 ശതമാനം മാത്രമാണ്.എഐ ഉപയോഗത്തിന്റെ സാങ്കേതിക തികവും മികവും പരിഗണിക്കുന്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം കൂടുതൽ വ്യക്തമാകുന്നു.
ലോകബാങ്കിന്റെ എഐ അഡോപ്ഷൻ ഇൻഡെക്സ്അനുസരിച്ച്, യുഎസിന്റെ സ്കോർ 0.85 ആയിരിക്കുന്പോൾ ഇന്ത്യയുടേത് 0.27 മാത്രമാണ്. പണം നൽകി എഐ സോഫ്റ്റ്വേറുകളോ സബ്സ്ക്രിപ്ഷനുകളോ ഉപയോഗിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ 3.5 ശതമാനം മാത്രമാണുള്ളത്; എന്നാൽ യുഎസിൽ ഇത് 23.1 ശതമാനമാണ്.