ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉയർന്ന രാഷ്ട്രീയ നിലപാടുകളിൽ വിശദീകരണവുമായി സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വീകരിച്ച ചില സമീപനങ്ങളോട് ഇടതുപക്ഷത്തിന് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിന്റെ ദർശനമോ കടാക്ഷമോ വാങ്ങി കാര്യങ്ങൾ നേടാനല്ല ഇടതുപക്ഷം പ്രതിഷേധരംഗത്തിറങ്ങിയതെന്നും, ജനകീയ വിഷയങ്ങളിലെ കൃത്യമായ രാഷ്ട്രീയ പ്രതിഷേധമാണ് തങ്ങളുടേതെന്നും ബ്രിട്ടാസ് പറഞ്ഞു. ഡൽഹി പൊലിസിനെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് കേന്ദ്ര സർക്കാർ കരുതേണ്ട. സ്വാതന്ത്ര്യസമര പശ്ചാത്തലമില്ലാത്തതിനാലാണ് കേന്ദ്രത്തിന് പ്രക്ഷോഭങ്ങളുടെ മൂല്യം മനസിലാകാത്തത്.
ക്രിമിനൽ പശ്ചാത്തലമുള്ള രീതിയിൽ പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. ജനവികാരം മനസിലാക്കി അദ്ദേഹത്തെ ഉടൻ സ്ഥാനത്തുനിന്നും നീക്കുന്നതാണ് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നല്ലത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള വെട്ടിനിരത്തലുകൾ നടന്നിട്ടും സുപ്രീംകോടതി നോക്കിനിൽക്കുകയാണുണ്ടായത്. പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതുവരെ കോടതി കാര്യമായി ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാധാനപരമായി പ്രതിഷേധിച്ച എംപിമാരെ പൊലിസ് ക്രൂരമായാണ് വലിച്ചിഴച്ചതെന്നും, നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനുള്ള ആരോഗ്യം പോലും തനിക്കില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Tags : John BrittasMP Gyanesh Kumar (CEC) LeftFrontDisagreement RahulGandhiProtest Delhi Police Action