എ.എ.റഹീം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ.റഹീം, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, വി.ശിവദാസൻ എന്നിവരെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിലെത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. തുടർന്ന് ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇടത് എംപിമാരെ പൊലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലിസ് വാഹനത്തിൽ കയറ്റിയതെന്ന് എംപിമാർ ആരോപിച്ചു. പൊലിസ് വാഹനത്തിനുള്ളിൽ തങ്ങളെ മർദിച്ചത് ഡൽഹി പൊലിസല്ലെന്നും കേന്ദ്രസേനയിൽപ്പെട്ട ഉദ്യോഗസ്ഥരാണെന്നും എ.എ.റഹീം ആരോപിച്ചു.
രാജ്യസഭാംഗത്തിന് നേരെ കേന്ദ്രസേനാംഗങ്ങൾ മർദനം നടത്തിയെന്ന ആരോപണം ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മർദനമേറ്റ റഹീമിന് അടിയന്തരമായി വൈദ്യസഹായം നൽകണമെന്ന് കസ്റ്റഡിയിലായ ജോൺ ബ്രിട്ടാസ് എംപി പൊലിസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പരാതി നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടുണ്ട്.
Tags : DelhiProtest IndiaAlliance ElectionCommission GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews