ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഉച്ചയ്ക്ക് മുമ്പ് ഔദ്യോഗിക കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയശേഷം കേരള ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ ശേഷമാണ് പ്രതിഷേധം നടക്കുന്ന ഔദ്യോഗിക വസതിക്കു മുന്നിലെത്തിയത്.
കടുത്ത ചൂട് വകവയ്ക്കാതെ പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം മുഖ്യമന്ത്രിയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏകദേശം രണ്ടര മണിക്കൂറോളം സതീശൻ പ്രതിഷേധത്തിൽ പങ്കെടുത്തു. ശേഷം വൈകുന്നേരത്തെ വിമാനത്തിൽ അദ്ദേഹം കേരളത്തിലേക്കു തിരിച്ചു.
ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന ശേഷം എംപിമാരുമായും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.