കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികൾ മന്ത്രി ജെ.പി.നഡ്ഡയുമായി ചർച്ച നടത്താൻ എത്തിയപ്പോൾ.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചു നിന്നു.
ഈ ആവശ്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതായി സിജെപി പ്രധിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.
ധർമ്മേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തിൽ സർക്കാരിന്റേത് അനുകൂല പ്രതികരണമായിരുന്നില്ല. എന്നാൽ പരീക്ഷാ ക്രമക്കേടുകൾ മൂലം ജീവൻ പൊലിഞ്ഞ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ സർക്കാർ അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു.
രാജിയാവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചതോടെ നാളെ ഉച്ചയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവി പരിപാടികൾ തീരുമാനിക്കുക.
Tags : CockroachJantaParty CJPProtest DelhiProtest StudentProtest Deepika DeepikaNewspaper BreakingNews