National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പങ്കുവെച്ച അർദ്ധരാത്രി വീഡിയോ സന്ദേശത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആക്രമണം. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവെച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്ക് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ.
രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയർന്നുവരുന്നത്. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവെച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.
Movies
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ.
രാഷ്ട്രീയത്തിനതീതമായി മാനുഷികതയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാകട്ടെയെന്നും അവർ വ്യക്തമാക്കി.
പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 34 ദിവസം പിന്നിട്ട സമര കേന്ദ്രത്തിലേക്ക് ആളുകൾ ഒഴുകിയെത്തുന്നതിനിടയിൽ, സമരക്കാർ പറയുന്നിടത്ത് വെച്ചോ അല്ലെങ്കിൽ ജന്തർ മന്തറിലോ ചർച്ചയാകാമെന്ന് കേന്ദ്ര സർക്കാർ വീണ്ടും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Movies
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് 'കോക്ക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക യുവജന പ്രതിഷേധത്തിന് പ്രമുഖ നടൻ മമ്മൂട്ടിയുടെ പിന്തുണ.
യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും, അവരുടെ ശബ്ദം കേൾക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും വേണമെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
സിനിമ-സാംസ്കാരിക-കായിക രംഗത്തെ നിരവധി പ്രമുഖർ ഇതിനകം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലർ ജന്തർ മന്തറിലെ സമരവേദിയിൽ നേരിട്ടെത്തിയപ്പോൾ മറ്റുചിലർ സമൂഹമാധ്യമങ്ങളിലൂടെയാണ് ഐക്യദാർഢ്യം അറിയിച്ചത്.
ഇതിനിടെ, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപി നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും സമരത്തിന് പരസ്യ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കൂടുതൽ ശക്തമായിരിക്കുകയാണ്.
National
ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ വനിതാ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥനെ ജന്തർ മന്ദിറിലെ ചുമതലകളിൽ നിന്ന് നീക്കി. നോർത്ത് ഈസ്റ്റ് ജില്ലാ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായ സന്ദീപ് ലാംബയ്ക്കെതിരെയാണ് നടപടി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു സംഭവം. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കിടയിൽ വെച്ച് ഓഫീസർ വനിതാ പ്രവർത്തകയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം സന്ദീപ് ലാംബയ്ക്കെതിരെ മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ പോലീസിൽ പരാതി നൽകി.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിനിയെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായി റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി ബോധവതിയാണെന്നും സ്വയം ശ്വാസമെടുക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 20ന് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ സൗത്ത് ഡൽഹി സ്വദേശിനിയായ സാക്ഷി എന്ന 21കാരിയായ വിദ്യാർഥിനിയെയാണു മുഖത്തിലും നെഞ്ചിലും കഴുത്തിലും പരിക്കുകളോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
യുവതി നിലവിൽ പ്രതികരിക്കുന്നുണ്ടെന്നും തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാൻ സാധാരണനിലയിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
അതിനിടെ പ്രതിഷേധക്കാർക്കുനേരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗണ്ണുകളുപയോഗിച്ചതായി റിപ്പോർട്ടുണ്ട്. പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയുണ്ടകൾ ശരീരത്തിലേറ്റ പാടുകളുമായാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.