ജന്തർമന്ദറിലെ സിജെപി പ്രതിഷേധത്തിൽ നിന്ന്.
ന്യൂഡൽഹി: ജന്തർമന്ദറിൽ സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും സുപ്രീംകോടതി റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഇതോടെ ഇല്ലാതാകും.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ ഇനി പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സർക്കാരിന് പുറമെ ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര സർക്കാരുകളും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു.
ജൂലൈ 25ന് സിജെപി നേതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷകൾ സമർപ്പിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നൽകി. കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുകൂല നിലപാടിനെ തുടർന്ന് അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് കോടതിയെ അറിയിച്ചു.
Tags : CJPProtest Supreme Court Fir Student Protest NewDelhi JantarMantar