x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കള്ളാടി മണ്ണിടിച്ചില്‍: വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

വയനാട് ബ്യൂറോ
Published: September 1, 2026 03:28 PM IST | Updated: September 1, 2026 03:28 PM IST

കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം (File photo)

കല്‍പ്പറ്റ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതി പ്രദേശത്ത് മേപ്പാടി പഞ്ചായത്തില്‍പ്പെട്ട മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്‍റെ കാരണം ഉള്‍പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

റിപ്പോര്‍ട്ട് തയാറാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ട കാര്യങ്ങള്‍ സമിതി വിശകലനം ചെയ്തുവരികയാണ്. സമിതി അംഗങ്ങള്‍ ദിവസത്തിനുള്ളില്‍ സിറ്റിംഗ് നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുമെന്നാണ് വിവരം. സമിതി റിപ്പോര്‍ട്ട് തുരങ്കപാത പദ്ധതിയെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച തുരങ്കപാത നിര്‍മാണം പുനരാരംഭിക്കുന്നതില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. തുരങ്കനിര്‍മാണം തുടരുന്നത് പ്രകൃതി ദുരന്തത്തിന് ഇടായാക്കുമോ എന്നതും വിദഗ്ധ സമിതിയുടെ വിശകലന വിഷയമാണ്.

ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രന്‍ ചെയര്‍മാനും ദുരന്ത നിവാരണ സെക്രട്ടറി കെ. ജീവന്‍ ബാബു കണ്‍വീനറും പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.സി.കെ. വിഷ്ണുദാസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ.അദീല അബ്ദുള്ള എന്നിവര്‍ അംഗങ്ങളുമായി ജൂലൈ 10നാണ് വിദഗ്ധ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം.

തുരങ്കപാത പദ്ധതിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍, കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്‍, നിര്‍മാണ കരാര്‍ വ്യവസ്ഥകളുടെ പാലനം, സുരക്ഷാ വീഴ്ചകള്‍ എന്നിവയും സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പരിശോധനാവിഷയങ്ങളാണ്.

വിദഗ്ധ സമിതി ജൂലൈ 23ന് മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തില്‍ നിഗമനത്തില്‍ എത്താനാകില്ലെന്നുമാണ് സന്ദര്‍ശനാനന്തരം ഡോ.സി.പി. രാജേന്ദ്രന്‍ അറിയിച്ചത്. എട്ടുപേരുടെ മരണത്തിനിടയാക്കിയാതാണ് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം. കരാര്‍ സ്ഥാപനമായ ദിലീപ് ബില്‍ഡ്‌കോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമായ ഇതര സംസ്ഥാനക്കാരാണ് മരിച്ചത്.

Tags : KalladiLandslide ExpertCommittee Report Wayanad ExtremeWeather FlashFlood Flooding Mudslide Landslide

Recent News

Corehub Up