x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചി മെട്രോ അങ്കമാലിയിലേക്കും; രണ്ടാം ഘട്ടം എന്നു പൂര്‍ത്തിയാകും?

കൊച്ചി ബ്യൂറോ
Published: September 1, 2026 01:13 PM IST | Updated: September 1, 2026 01:13 PM IST

Image for representation

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്‍റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആര്‍എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ആലുവ മുതല്‍ അങ്കമാലി വരെയുള്ള 17.5 കിലോമീറ്റര്‍ വരെയുള്ള പാതയ്ക്കുള്ള വിശദ പദ്ധതിരേഖയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആലുവ, കരിയാട്, നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലി വരെയാണ് പാത. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്.

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഇന്‍ഫോപാര്‍ക്ക് വരെ മെട്രോ നീട്ടുന്നതിനുള്ള രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പിങ്ക്‌ലൈനിന്‍റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായായിട്ടില്ല. കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ 11.2 കിലോമീറ്ററാണ് രണ്ടാം ലൈന്‍.

കലൂര്‍ സ്റ്റേഡിയം, പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങി 11 സ്‌റ്റേഷനുകളാണ് ഈ ലൈനിലുള്ളത്. 2019 ഫെബ്രുവരി 26ന് ആണ് മെട്രോ രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചത്. 2022 സെപ്റ്റംബര്‍ ഒന്നിന് പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

1,957 കോടി രൂപയുടെ പദ്ധതിക്ക് 274.90 കോടി രൂപ വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കില്‍ നിന്നും 1,016.24 കോടി രൂപ വായ്പയുമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വായ്പയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഭൂമി ഏറ്റെടുക്കല്‍, റോഡ് വീതി കൂട്ടല്‍, യൂട്ടിലിറ്റി പരിശോധനകള്‍ പോലുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാന നിര്‍മാണം ആരംഭിച്ചത്.

എന്നാല്‍ 2024 ഡിസംബറില്‍ ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികള്‍ കോടതിവ്യവഹാരങ്ങളടക്കം കാരണം 2026 മാര്‍ച്ച് വരെ നീണ്ടു. യൂട്ടിലിറ്റി പരിശോധനകള്‍ക്കിടെ വാട്ടര്‍ അതോറിറ്റിയുടെ നിരവധി പൈപ്പുകള്‍ ഫൗണ്ടേഷന്‍ ഭാഗങ്ങളുമായി ബന്ധപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസൈന്‍ പരിഷ്‌കാരങ്ങളും ഏകോപന നടപടികളും ആവശ്യമായിരുന്നു.

വിവിധ വലുപ്പത്തിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളും 220 കെവി, 11 കെവി വൈദ്യുതി ലൈനുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്ഇബി സംവിധാനങ്ങളും മാറ്റിസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. നിലവില്‍ ഈ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ ഭാഗത്തെ പൈലിംഗ് നടപടികളും പുരോഗമിക്കുകയാണ്.

ഈ വര്‍ഷം ജൂണില്‍ ആദ്യ അഞ്ചു സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി പടമുകള്‍ വരെ മെട്രോ എത്തിക്കാനായി തീരുമാനിച്ചിരുന്നു. ഡിസംബറോടെ ബാക്കി ഭാഗം കൂടി പൂര്‍ത്തിയാക്കാം എന്നുമായിരുന്നു തീരുമാനം. എന്നാല്‍ ജൂണില്‍ സ്റ്റേഷനുകള്‍ പൂര്‍ത്തിയായില്ല. നിര്‍മാണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ കടുത്ത ഗതാഗത കുരുക്കിലാണ് കൊച്ചി നഗരം.

നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടക്കുന്നതിനാല്‍ 2027 ജൂണോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന്, കമ്മിഷനിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റോടെ സര്‍വീസ് ആരംഭിക്കുകയുമാണ് ലക്ഷ്യമെന്നും കെഎംആര്‍എല്‍ അറിയിച്ചത്.

സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല്‍ ക്യാപ് നിര്‍മാണം ഉള്‍പ്പെടെയുള്ള ഫൗണ്ടേഷന്‍ ജോലികള്‍ നിലവില്‍ പൂര്‍ത്തിയായി. പാതയ്ക്കായുള്ള പൈലിംഗ് ജോലികളുടെ 85 ശതമാനവും പൂര്‍ത്തീകരിച്ചു. കൂടാതെ യു-ഗര്‍ഡറുകളും ഐ-ഗര്‍ഡറുകളും ഉള്‍പ്പെടുന്ന ഏകദേശം 3.5 കിലോമീറ്റര്‍ സൂപ്പര്‍സ്ട്രക്ചര്‍ സ്ഥാപിച്ച് ട്രാക്ക് തയാറക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.

Tags : KochiMetro Angamaly KMRL MetroRail

Recent News

Corehub Up