പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ദി ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യ തള്ളി. വിധിന്യായം പുറപ്പെടുവിക്കാൻ ഈ കോടതിക്ക് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും സമിതിയുടെ രൂപീകരണം തന്നെ അനധികൃതമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനം മാറ്റമില്ലാതെ തുടരുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ കരാർ മരവിപ്പിച്ചത്. എന്നാൽ കരാർ ഏകപക്ഷീയമായി റദ്ദാക്കാനോ നിർത്തിവെക്കാനോ ഇന്ത്യക്ക് നിയമപരമായ അവകാശമില്ലെന്നും കരാർ പൂർണമായി നിലനിൽക്കുമെന്നുമായിരുന്നു ആർബിട്രേഷൻ കോടതിയുടെ വാദം. ഇതിന് പുറമേ ജമ്മു കാഷ്മീരിലെ രത്ലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിൽ ചില നിയന്ത്രണങ്ങളും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ, ലോകബാങ്ക് കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് ഈ കോടതി രൂപീകരിച്ചതെന്നും അതിനാൽ കോടതിയെ നിയമപരമായി അംഗീകരിക്കുകയോ വാദനടപടികളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിലോ ജമ്മു കാഷ്മീരിലെ വികസന പദ്ധതികളിലോ ഇടപെടാൻ ഈ സമിതിക്ക് അധികാരമില്ലെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
Tags : India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash