വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കത്തിയമർന്ന കാർ. ഇൻസൈറ്റിൽ ടൈറ്റസ് കുര്യൻ.
വിഴിഞ്ഞം: വിഴിഞ്ഞം വെങ്ങാനൂരിനു സമീപം കാർ കത്തിയമർന്നു, വാഹനം ഓടിച്ചിരുന്നയാൾ വെന്തുമരിച്ചു. കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (63) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വിഴിഞ്ഞം പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ അയ്യൻകാളി സ്മാരക സ്കൂളിനു സമീപത്തായിരുന്നു സംഭവം.
വെങ്ങാനൂരിൽ നിന്ന് ചാവടിനട ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ നിന്ന് പെട്ടെന്ന് തീ ആളിപ്പടരുന്നതും കാർ പുറകിലേക്ക് വരുന്നതുമാണ് കണ്ടതെന്ന് ദൃക്സാക്ഷിയും സമീപവാസിയുമായ ദിലീപ് പറഞ്ഞു.
ബൈക്ക് യാത്രികരും നാട്ടുകാരും സമീപവാസികളും പിന്നിലെ ഡോറിന്റെ ഗ്ലാസ് തകർത്ത് ടൈറ്റസിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീയണച്ചത്. ഇതിനിടെ കാർ പൂർണമായും കത്തിയമർന്നു.
സീറ്റിൽ ഇരിക്കുന്ന നിലയിൽ പൂർണമായി കത്തിക്കരിഞ്ഞ, അസ്ഥിമാത്രമായി അവശേഷിച്ച ടൈറ്റസിനെ ആദ്യം തിരിച്ചറിയാനായിരുന്നില്ല. സമീപത്തെ സിസിടിവി പരിശോധിച്ച് കാറിന്റെ നമ്പർ കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഞായറാഴ്ച രാത്രി ഒന്പതോടെ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ ഇദ്ദേഹം തിരുവനന്തപുരം വഴി വെങ്ങാനൂരിൽ എത്തിയെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയ ഇദ്ദേഹത്തിന്റ ഏക മകൻ ഡോ. ഡെന്നീസ്, മൃതദേഹത്തിൽ കണ്ട ചില സൂചനകൾ പ്രകാരം ആളെ തിരിച്ചറിഞ്ഞെങ്കിലും ഉറപ്പിക്കാനായില്ല. തുടർന്ന് വിഴിഞ്ഞം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ അവശിഷ്ടം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗവും സ്ഫോടക വസ്തു പരിശോധന വിഭാഗവും സ്ഥലത്ത് എത്തി ഇന്നലെ പരിശോധന നടത്തി.
ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനത്തിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നു കണ്ടെത്തിയതാണ് ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതെന്നു വിഴിഞ്ഞം പൊലീസ് പറയുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags : Car Fire Vizhinjam KottayamNative Burnt Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash