National
ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.
ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.
PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
Kerala
പാലക്കാട്: സിപിഎം നേതാവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയിൽ. പാലക്കാട് കാരാകുറുശി കിളിരാനി ബ്രാഞ്ച് സെക്രട്ടറി താഴത്തെകല്ലടി യൂസഫിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. വീടിനും നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.
വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.