സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാനസർക്കാരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഒത്തുതീർപ്പ്. ചാൻസലറുടെയും സംസ്ഥാനസർക്കാരിന്റെയും പ്രതിനിധികൾ ഒപ്പുവച്ച ഒത്തുതീർപ്പ് കരാർ സുപ്രീംകോടതിക്കു കൈമാറിയതോടെ വിസി നിയമനവുമായി ബന്ധപ്പെട്ടു ചാൻസലർകൂടിയായ ഗവർണർ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.
സുപ്രീംകോടതി സംഘടിപ്പിച്ച പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണു ഹർജി തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ 17നാണ് ചാൻസലറുടെയും സർക്കാരിന്റെയും പ്രതിനിധികൾ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചത്.
ചാൻസലർക്കുവേണ്ടി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയും സർക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമാണ് കരാറിൽ ഒപ്പുവച്ചത്.
സാങ്കേതിക സർവകലാശാല വിസിയായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥും തുടരുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സർവകലാശാല നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. കേസിൽ ഇരുവിഭാഗവും ഉന്നയിച്ച നിയമപരമായ വിഷയങ്ങളും വാദങ്ങളും ഭാവിയിൽ തുടരുമെന്ന വ്യവസ്ഥയും കരാറിലുണ്ട്.
നേരത്തേ സുപ്രീംകോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഡിസംബറിൽ ഗവർണറും മുൻ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചയിലാണു നിയമന തർക്കത്തിൽ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. സിസ തോമസിനെയും ഡോ. സജി ഗോപിനാഥിനെയും വിസിമാരായി നിയമിച്ച് ചാൻസലർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു.
ഒത്തുതീർപ്പ് വ്യവസ്ഥകൾ ചാൻസലറും സർക്കാരും അംഗീകരിക്കുന്നുവെന്ന് അറിയിച്ചതോടെയാണ് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനു സുപ്രീംകോടതിയിൽ സമാപനമായത്.
Tags : ViceChancellors Appointment Governor Government Sign Settlement Agreement Technical DigitalUniversity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash