Kerala
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിക്കും.
ഇതു കൂടാതെ കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 10,000 ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും. ബജറ്റിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സഹകരണ മേഖലയെ ശക്തമായി തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ ലഹരി ശൃംഖലയെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ നയരാഹിത്യത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അവരുടെ നയമല്ല മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ സർക്കാരിന്റെ നയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: ചികിത്സാ പിഴവിനെത്തുടർന്ന് ദുരിതപർവം താണ്ടിയ ഹർഷീനയ്ക്ക് ഒടുവിൽ സർക്കാർ ജോലി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽത്തന്നെയാണ് ഹർഷീന ജോലിക്കു കയറിയത്.
തന്നെ അവഗണിച്ചവർക്കുള്ള മറുപടിയാണിതെന്നും നീതി ലഭിച്ചെന്നുമായിരുന്നു ഹർഷീനയുടെ പ്രതികരണം. രാവിലെ പത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽനിന്നും ഹർഷീന നിയമന ഉത്തരവ് കൈപ്പറ്റി. പ്രിൻസിപ്പലിനെ കണ്ട് സർക്കാർ ഉറപ്പ് നൽകിയ ജോലിക്കുള്ള നിയമന ഉത്തരവ് വാങ്ങി.
ചികിത്സാ പിഴവ് സംഭവച്ച മാതൃ ശിശു സംരക്ഷണ വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റായാണു നിയമനം. മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ഹർഷീന നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സർക്കാർ ജോലി ഉറപ്പ് നൽകിയത്. നീതി ലഭിച്ചുവെന്നും സന്തോഷവും സമാധാനവും തോന്നുന്നുവെന്നും ഹർഷിന മാധ്യമങ്ങളോടു പ്രതികരിച്ചു.
അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്നു പറഞ്ഞ ഹർഷീന, കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിച്ചു. പോരാട്ടത്തിന്റെ വിജയമാണിതെന്നു പ്രതികരിച്ച ഹർഷീന മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ .മുരളീധരനും കൂടെ നിന്നെന്നും നഷ്ട പരിഹാരം ഉറപ്പ് നൽകിയെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹർഷീനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയത്. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കുന്നതിലടക്കം പിന്നീട് വീഴ്ചയുണ്ടായി. ഇതോടെയാണു ഹർഷീന സമരത്തിലേക്കിറങ്ങിയത്.
Kerala
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. അതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. സർജറിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം. ഇതുവരെ എങ്ങനെയായിരുന്നു എന്നതല്ല, ഇനി അങ്ങോട്ട് എന്താണ് എന്നാണ് ചർച്ച വേണ്ടതെന്നും മന്ത്രി പറഞ്ഞു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച മെഡിക്കൽ കോളജുകൾ രണ്ടെണ്ണം നിർത്തലാക്കിയെന്നും അത് പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുത്.
നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ് എന്ന സിനിമ ഡയലോഗും പറഞ്ഞ മോഹൻലാൽ ലഹരിക്കെതിരെ കർശന നടപടി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വി.ഡി സിഎം ആയപ്പോൾ സിങ്കപൂർ മാതൃക സൃഷ്ടിച്ച ലീയെ ഓർത്തെന്നും മോഹൻലാൽ പറഞ്ഞു. അതുപോലെ മാറ്റം കൊണ്ടുവരാൻ കഴിയട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. നിരവധി തവണ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും ഉള്ളടക്കം നീക്കംചെയ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടെന്ന് എക്സ് പോസ്റ്റിൽ ദിപ്കെ കുറിച്ചു.
ദിപ്കെയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. പിന്നാലെ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് നിലവിലെ സാഹചര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയായിരുന്നു. നിലവിൽ ഞങ്ങളുടെ ഒരു പ്ലാറ്റ്ഫോമിലേക്കും ആക്സസ് ഇല്ലെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഇനിയുള്ള ഏതൊരു പോസ്റ്റും കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനകളായി കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കാംപയ്ൻ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ തനിക്ക് വധഭീഷണി ഉണ്ടായതായി വധഭീഷണിയുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ച് ദിപ്കെ പറഞ്ഞു. സംഘടനയ്ക്കെതിരേ കൂട്ടായ ആക്രമണമാണുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ച ഉണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു. സർക്കാരിന്റെ പരാജയം മൂലം വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലും മന്ത്രിക്കെതിരേ നടപടിയുണ്ടായില്ല. എന്നാൽ ന്യൂ ഇന്ത്യയിൽ, ഇക്കാര്യങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടതിന് കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ നടപടിയെടുക്കുന്നു-അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ സിജെപി വെബ്സൈറ്റിൽ 10 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. എല്ലാത്തരം നടപടികളും സ്വീകരിച്ചിട്ടും പ്രസ്ഥാനം വലുതായിക്കൊണ്ടിരിക്കുകയാണ്. കോക്ക്രോച്ച് ജനതാ പാർട്ടി ഒരുതരത്തിലുള്ള പ്രതിഷേധത്തിനും ആഹ്വാനം നൽകിയിട്ടില്ല.
സംഘടനയെ മുഴുവനായും പൈശാചികവത്കരിക്കാൻ സർക്കാർ ഒരു വിഷയം കിട്ടാൻ കാത്തിരിക്കുകയാണ്. എല്ലാ കോക്രോച്ചുകളും സമാധാനപരമായും ജാഗ്രതയോടെയും തുടരണമെന്ന് അഭ്യർഥിക്കുന്നതായി സിജെപി എക്സ് പോസ്റ്റിൽ പറഞ്ഞു.
National
അനന്ത്നാഗ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കുതിരസവാരിക്കാരൻ ആദില്‍ ഹുസൈന് ഷായുടെ പേര് സ്കൂളിനു നൽകി ജമ്മു കാഷ്മീർ സർക്കാർ.
2025 ഏപ്രില്‍ 22ന് പഹല്‍ഗാം സ്വജീവൻ വെടിഞ്ഞും നിരവധി വിനോദസഞ്ചാരികളെ രക്ഷിച്ച ഷായുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവായാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടൂ പറഞ്ഞു.
ഗവണ്മെന്റ് ഹൈസ്കൂള്‍ ഹപത്നാറിനെ ‘ഷഹീദ് ആദില്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ഹപത്നാര്‍’ എന്നാണ് പുനര്‍നാമകരണം ചെയ്തത്.
NRI
കൊളോൺ: കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് ജർമനിയിലെ പ്രമുഖ മലയാളി സംഘടനയായ കൊളോൺ കേരള സമാജം.
പ്രസിഡന്റ് ജോസ് പുതുശേരിയുടെ അധ്യക്ഷതയിൽ കൊളോൺ പെഷിൽ കൂടിയ യോഗത്തിൽ സംഘടന ഭാരവാഹികളായ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറക്കൽ (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), ജോർജ് അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ പ്രസംഗിച്ചു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി പുതിയ സർക്കാരിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് കൊളോൺ കേരള സമാജം ഭാരവാഹികൾ ആശംസിച്ചു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രത്യേകിച്ച് ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ പുനരധിവാസം, തൊഴിൽ സുരക്ഷ, വിമാനക്കൂലി വർധനവ് എന്നിവയിൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സംഘടന അഭ്യർഥിച്ചു.
പുതിയ ഭരണനേതൃത്വത്തിന് കീഴിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ തൊഴിൽ സാധ്യതയുള്ള സമാധാനമുള്ള സംസ്ഥാനമായി കുതിക്കട്ടെയെന്നും അഴിമതിരഹിതമായ ഒരു ഭരണം ഉണ്ടാകട്ടെയെന്നും യോഗം ആശംസിച്ചു.
കൊളോൺ കേരള സമാജം കമ്മിറ്റിയംഗങ്ങളും കുടുംബവും കൂടാതെ ജർമനിയിലെ വിവിധ മലയാളി സംഘടനകളും (വേൾഡ് മലയാളി കൗൺസിൽ, കെപിഎസി ജർമനി) തുടങ്ങിയവരുമാണ് ടീം യുഡിഎഫിന് ആശംസകളും അഭിനന്ദനങ്ങളും നേർന്നത്.
National
കോൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു.
തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതര ഗാനം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വന്ദേമാതര ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും അവതരിപ്പിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിന് യോജിച്ചതല്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് പ്രവർത്തക സമിതി തന്നെയാണ്. 1937ൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ച വന്ദേമാതര ഗാനത്തിന്റെ ആദ്യത്തെ എട്ടു വരി മാത്രമേ ദേശീയ ഗീതമായി അവതരിപ്പിക്കാൻ പാടുള്ളൂവെന്ന് 1950 ജനുവരി 24നു ഭരണഘടനാ നിർമാണ സഭയിൽ വ്യക്തമാക്കിയതുമാണ്.
ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്ന വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റമുണ്ടായത്. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണമായി അവതരിപ്പിച്ചത്.
ബിജെപി അധികാരത്തിൽ വന്ന ബംഗാളിൽ പോലും അവതരിപ്പിക്കാത്ത ഗാനമാണ് ഇപ്പോൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വർഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന ഘട്ടത്തിൽ മതനിരപേക്ഷതയ്ക്കു പോറലേൽപ്പിക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
NRI
ബെലിൻ: ജർമനിയിലെ നിലവിലെ ഭരണകൂടത്തിനെതിരേ വോട്ടർമാർക്കിടയിൽ കടുത്ത അമർഷവും നിരാശയും പുകയുന്നതായി പ്രമുഖ മാധ്യമമായ ബിൽഡ് പുറത്തുവിട്ട ഏറ്റവും പുതിയ രാഷ്ട്രീയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ ചാൻസലർ ഫ്രീഡ്രിഷ് മെർസ് (സിഡിയു), ലാർസ് ക്ലിംഗ്ബെയിൽ (എസ്പിഡി) തുടങ്ങിയ പ്രമുഖ നേതാക്കളിലുള്ള വിശ്വാസം പൗരന്മാർക്ക് നഷ്ടപ്പെട്ടതായാണ് സർവേ സൂചിപ്പിക്കുന്നത്.
സർവേയിലെ പ്രധാന കണ്ടെത്തലുകൾ:
ഭരണകക്ഷികളുടെ തകർച്ച: നിലവിലെ സഖ്യകക്ഷികളായ സിഡിയു, സിഎസ്യു, എസ്പിഡി എന്നീ പാർട്ടികളുടെ ജനപിന്തുണ വലിയ തോതിൽ ഇടിഞ്ഞു.
എഎഫ്ഡി ഒന്നാമത്: തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി സർവേകളിൽ വ്യക്തമായ മുൻതൂക്കം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ് (ഏകദേശം 29 ശതമാനം പിന്തുണയോടെ).
സഖ്യം തകരാൻ ജനങ്ങൾ ആഗ്രഹിക്കുന്നു: വോട്ടർമാരിൽ 49 ശതമാനം ആളുകളും (ഏകദേശം പകുതിയോളം പേർ) 2029ൽ അവസാനിക്കേണ്ട ഈ ഭരണസഖ്യം കാലാവധി തികയ്ക്കാതെ എത്രയും പെട്ടെന്ന് പിരിഞ്ഞുപോകണം എന്നാണ് ആഗ്രഹിക്കുന്നത്.
മേഖല തിരിച്ചുള്ള വിയോജിപ്പ്: കിഴക്കൻ ജർമനിയിലാണ് സർക്കാരിനെതിരേയുള്ള അതൃപ്തി ഏറ്റവും കൂടുതൽ. അവിടെ 57 ശതമാനം ആളുകളും സഖ്യം തകരുന്നതിനെ അനുകൂലിക്കുമ്പോൾ പടിഞ്ഞാറൻ ജർമനിയിൽ ഇത് 47 ശതമാനം ആണ്.
പ്രതിസന്ധിക്ക് കാരണം ?
സർക്കാർ കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങൾ പരാജയപ്പെട്ടതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയും നികുതി വർദ്ധനവിനെക്കുറിച്ചുള്ള ഭയവും ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള ആശങ്ക പടർത്തുന്നു.
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള കടുത്ത അമർഷം കാരണം ജർമനിയിലെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ തന്നെ പലർക്കും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Kerala
തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കാന്‍ നാലംഗ സമിതിയെ രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയിൽ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്.ജ്യോതിലാലാണ് കണ്‍വീനര്‍.
സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവര്‍ സമിതി അംഗങ്ങളാകും. സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ധനസ്ഥിതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.
നാലംഗ സമിതി എത്രയും വേഗം ദൗത്യം പൂര്‍ത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം കിഫ്ബി മേധാവിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ആന്റണിയും ഉന്നത ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിയെ കണ്ടത്.
National
ഷിംല: ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഹിമാനികൾ തകരാൻ സാധ്യതയുള്ളതിനെ തുടർന്നുണ്ടാകുന്ന പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മുന്നിൽക്കണ്ട് ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അരുണാചൽ പ്രദേശ് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
തവാംഗ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ നംഗ്യാൽ ആംഗ്മോ പുറപ്പെടുവിച്ച നിർദേശത്തിൽ, മാഗോ ചു, തവാംഗ് ചു നദീതടങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും സന്ദർശകരോടും അതീവ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാഗോ ചു നദീതടത്തിലെ ഖാംഗ്രി ഹിമാനിക്ക് സമീപമുള്ള ഭൂപ്രകൃതിക്ക് ഇളക്കം തട്ടിയിട്ടുണ്ടെന്നും ഹിമാനിയുടെ മുൻഭാഗം ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് ഹിമാലയൻ സ്റ്റഡീസ് ആശങ്ക ഉന്നയിച്ചതിനെത്തുടർന്നാണ് ഈ ജാഗ്രതാ നിർദേശം.
നദികളുടെ താഴത്തെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും നദീതീരങ്ങളിലേക്കും അപകടസാധ്യതയുള്ള മലഞ്ചെരുവുകളിലേക്കും ഉള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് ശക്തമായ മഴയുള്ളപ്പോഴും മോശം കാലാവസ്ഥയിലും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
സഞ്ചാരികളും യാത്രക്കാരും തങ്ങളുടെ യാത്രകൾ തുടങ്ങുന്നതിന് മുൻപ് കാലാവസ്ഥാ വിവരങ്ങളും റോഡുകളിലെ അവസ്ഥയും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കൂടാതെ, കുത്തിയൊഴുകുന്ന നദികളോ തോടുകളോ മുറിച്ചുകടക്കാനോ, കേടുപാടുകൾ സംഭവിച്ച റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യാനോ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
സ്ഥിതിഗതികൾ വഷളായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി സജ്ജരായിരിക്കാൻ പ്രാദേശിക നേതാക്കൾക്കും അടിയന്തിര രക്ഷാസേനകൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി.
പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുകയോ ഉരുൾപൊട്ടലോ മറ്റ് അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുകയോ ചെയ്താൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണം.
Kerala
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും സത്യപ്രതിജ്ഞക്കു പങ്കെടുക്കും.
മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു. കർണാടക, തെലുങ്കാന മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിനാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നതിൽ ആരവം ഒട്ടും ചോരാതിരിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.
Kerala
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേർന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി).
ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടേയെന്ന് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു.
നവകേരളത്തിന്റെ ശില്പികളാകാന് നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്വേശ്വരന് തുണയാകട്ടെ എന്ന് പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍ ക്ഷണിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സതീശൻ ലോക്ഭവനിലെത്തി ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയിരുന്നു.
വി.ഡി.സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. തിങ്കളാഴ്ച എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമോയെന്ന് ഗവർണർ ആരാഞ്ഞു. ഇക്കാര്യം പിന്നീട് അറിയിക്കാമെന്ന് വി.ഡി.സതീശൻ മറുപടി നൽകി.
അതേസമയം മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. ഇതിനായി യുഡിഎഫിൽ ചർച്ച തുടങ്ങി.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യ്ക്കെതിരെ വിമർശനവുമായി നടി ജൂലി വീണ്ടും രംഗത്ത്. വിജയ്യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ചുകൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർത്ഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ? അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ.’’ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തിരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വീഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലം മുതൽക്കേ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ ജൂലി എതിർത്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് വിജയിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകുമെന്നും ജൂലി നേരത്തെ നൽകിയിരുന്നു.
Kerala
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് രണ്ടു വര്‍ഷം തികയുമ്പോഴും ശാപമോക്ഷമില്ല. സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പഴയപടി തന്നെ. മാനം കറുക്കുമ്പോഴേ മലയോരവാസികള്‍ ഭീതിയിലാണ്. ഉരുട്ടി പാലം, വിലങ്ങാട് ടൗണ്‍ പാലം, മഞ്ഞച്ചീളി പാലം, വായാട് പാലം, മുച്ചങ്കയം പാലം തുടങ്ങി ഏഴു പാലങ്ങളും റോഡുകളും കലുങ്കുകളും തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. കാലവര്‍ഷം പടിവാതില്ക്കലെത്തിയിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
വിലങ്ങാട് പെട്രോള്‍ പമ്പിന് മുന്നില്‍ ഉരുള്‍ തകര്‍ത്ത റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇവിടെ തൊഴിലാളികള്‍ ആരും ജോലിക്കെത്തുന്നില്ല. പണം ലഭിക്കാത്തതിനാല്‍ കരാര്‍ കമ്പനി പ്രവൃത്തി നിറുത്തിയെന്നാണ് തൊഴിലാളികള്‍ നല്കുന്ന വിവരം. റോഡിനോടു ചേര്‍ന്നു താമസിക്കുന്ന എന്‍.എം. സക്കറിയാസും കുടുംബവും ഭീതിയിലാണ്.
പാർശ്വഭിത്തി നിര്‍മാണത്തിനായി എടുത്ത മണ്ണ് പുഴയിലേക്കാണ് തള്ളിയിരിക്കുന്നത്. ശക്തമായ മഴ പെയ്താല്‍ വെളളമൊഴുക്ക് തടസപ്പെട്ട് ഇനിയും വീട് പ്രളയത്തില്‍ മൂടുമെന്നാണ് സക്കറിയാസിന്റെ ആശങ്ക. 2024ല്‍ വിലങ്ങാട് ഉരുള്‍പൊട്ടിയ സമയത്ത് സക്കറിയാസിന്റെ വീട്ടില്‍ മലവെള്ളം ഇരച്ചെത്തി കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
അന്ന് രാത്രിയോടെ കുന്നിന്മുകളിലുള്ള വീട്ടിലേക്ക് മാറിയതിനാല്‍ സക്കറിയാസും കുടുംബവും രക്ഷപ്പെടുകയായിരുന്നു. കുറ്റല്ലൂര്‍, പന്നിയേരി ഉന്നതികളിലേക്കുള്ള ഏക ആശ്രയമായ മുച്ചങ്കയം പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് തരിപ്പണമായെങ്കിലും ഇവിടെ പുതിയ പാലത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നാളിതു വരെയായി ആരംഭിച്ചിട്ടില്ല. താത്കാലികമായി നിർമിച്ച പാലത്തിലൂടെ ജീവന് പണയപ്പെടുത്തിയാണ് പ്രദേശവാസികളുടെ ദുരിത യാത്ര. വിലങ്ങാട് മഞ്ഞച്ചീളിയിലും പ്രദേശ വാസികള്‍ക്ക് ദുരിതയാത്രയാണ്.
താത്കാലികമായി നിര്‍മിച്ച പാലത്തിലൂടെയാണ് ഇവിടെയും യാത്ര. വായാട് ഉന്നതിയിലേക്കുള്ള പാലവും അപകടാവസ്ഥയിലാണ്.
വിലങ്ങാട് പാനോം റോഡില്‍ വിലങ്ങാട് ഫൊറോന പള്ളിക്കു മുന്നിലെ റോഡിന്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞിരുന്നു. ഈ ഭാഗത്തും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. ഈ മഴക്കാലവും ശക്തമായാല്‍ റോഡ് മുഴുവനായി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് തൊട്ടടുത്തുള്ള ആരാധനാലയത്തിനും വീട്ടുകാര്‍ക്കും കടുത്ത ഭീഷണിയാകും.
ഉരുള്‍പൊട്ടലില്‍ പുഴയിലൂടെ എത്തിയ കരിങ്കല്ലുകള്‍ പുഴയില്‍നിന്ന് നീക്കം ചെയ്ത പ്രവൃത്തി മാത്രമാണ് രണ്ട് വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞത്. മഴക്കാലമടുത്തതോടെ നിര്‍മാണ പ്രവൃത്തികള്‍ ഇനി കാര്യമായി നടത്താന്‍ കഴിയില്ല. ഈ മഴക്കാലം രൂക്ഷമാകരുതേയെന്നാണ് പ്രദേശവാസികളുടെ പ്രാര്‍ഥന.
Kerala
കൊച്ചി: കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നതുമൂലം ജനങ്ങള്‍ക്ക് ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല പറഞ്ഞു.
ആരോഗ്യ, ക്ഷേമ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് പ്രതിസന്ധിയിലാക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലപ്രഖ്യാപനം വരാനിരിക്കെ ബന്ധപ്പെട്ട വകുപ്പിന് മന്ത്രിപോലും ഇല്ലാത്തതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
National
ഗോഹട്ടി: എൻഡിഎ മൂന്നാം തവണ തുടർച്ചയായി വിജയം നേടിയ ആസാമിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈക്കിയ. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ദിലീപ് സൈക്കിയ പറഞ്ഞു.
ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ദിലീപ് സൈക്കിയ വ്യക്തമാക്കി. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഹിമന്തയെ ആണ് പിന്തുണയ്ക്കുന്നത് എന്ന് ബിജെപി നേതാവും എംഎൽഎയുമായ ഭൂപൻ ബോറ പറഞ്ഞു.
ആസാമിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരം നിലനിർത്തിയത്. പ്രതിപക്ഷമായ കോൺഗ്രസ് സഖ്യത്തിന് 21 സീറ്റാണ് ലഭിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. വിവിധ പാർട്ടികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ജനങ്ങൾ അണ്ണാ ഡിഎംകെ ഭരണത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കാര്യങ്ങൾ ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ഒന്ന് രണ്ട് ദിവത്തിനുള്ളിൽ തന്നെ ഊ കാര്യത്തിൽ തീരുമാനമുണ്ടാകും.'-തമ്പിദുരൈ പറഞ്ഞു.
"വിജയ്ക്ക് ജനങ്ങൾ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നൽകിയട്ടില്ല. അവർക്ക് ഇത് ഭൂരിപക്ഷത്തിലെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങളും സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.'- തമ്പിദുരൈ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ടിവികെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 108 സീറ്റാണ് ടിവെകയ്ക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന ഡിഎംകെയ്ക്ക് 57 സീറ്റും അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റുമാണ് ലഭിച്ചത്. 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
ഡിഎംകെ സഖ്യത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ഇതോടെ ടിവെകെയ്ക്ക് 113 പേരുടെ പിന്തുണ ആയി. അഞ്ച് പേരുടെ കൂടി പിന്തുണയാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യമായിട്ടുള്ളത്.
സിപിഎം, സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയും വിജയ് തേടിയിട്ടുണ്ട്. ഈ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇടത് പാർട്ടികളും വിസികെയും ഇന്ന് യോഗം ചേരുന്നുണ്ട്.
National
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ വാദത്തിനിടെ സംസ്ഥാനത്തെ ഭരണ മാറ്റം സുപ്രീംകോടതിയെ അറിയിച്ച് സർക്കാർ അഭിഭാഷകൻ.
സംസ്ഥാന രാഷ്ട്രീയ മാറ്റത്തിലായതിനാൽ ശബരിമലയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാനായേക്കില്ലെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞു.
യുവതീപ്രവേശന വിലക്കിനെ എതിർക്കണമെന്ന നിർദ്ദേശമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് ജയ്ദീപ് ഗുപ്ത. എന്നാൽ നേരത്തെയുള്ള നിലപാട് ഇതിനകംതന്നെ മാറ്റിയല്ലോ എന്ന് ജസ്റ്റീസ് ബി.വി.നാഗരത്ന ചോദിച്ചു.
അനിവാര്യ മതാചാരങ്ങൾ കോടതികളല്ല തീരുമാനമെടുക്കേണ്ടത്, മതപണ്ഡിതരാണ് എന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിലും ആസാമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബിജെപി. ബംഗാളിലേക്ക് കേന്ദ്രമന്ത്രി അമിത് ഷായെയും ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും ആസാമിലേക്ക് കേന്ദ്രമന്ത്രി ജെ.പി.നദ്ദയെയും ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയെയും നിരീക്ഷകരായി നിയമിച്ചു.
ഭവാനിപുരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്, സമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൾ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പാർട്ടിയുടെ പരിഗണനയിലുണ്ട്.
ബംഗാളിൽ ഒന്നരപ്പതിറ്റാണ്ട് നീണ്ട മമത ബാനർജിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ബിജെപി 206 സീറ്റുകൾ നേടി അധികാരത്തിലെത്തിയത്. ആസാമിൽ ബിജെപി സഖ്യം 102 സീറ്റുകൾ പിടിച്ചാണ് ഹാട്രിക് വിജയം നേടിയത്. മത്സരിച്ച 90 സീറ്റുകളിൽ 82 ഇടത്തും ബിജെപിക്ക് വിജയിക്കാനായി.
സഖ്യകക്ഷികളായ ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ടും ആസാം ഗണ പരീഷത്തും 10 വീതം സീറ്റുകൾ പിടിച്ചു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന മുന്നണി 100ലധികം സീറ്റുകൾ നേടുന്നത്. നിലവിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗം വോട്ടെണ്ണലിന്റെ പിറ്റേദിവസമായ മേയ് 5, ചൊവാഴ്ച രാവിലെ 11 ന് കൂടാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യോഗം നേരിട്ടാണോ ഓൺലൈനാണോയെന്നത് തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.
മലപ്പുറം പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച
വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.
അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന് മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക്, ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെ, ചികിത്സയ്ക്ക് തുക ചെലവായിട്ടുണ്ടെങ്കില്‍ പ്രസ്തുത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
National
ന്യൂഡൽഹി: ഒൻപതംഗ ഭരണഘടന ബെഞ്ച് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും. മതപരമായ ആചാരങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് അതീതമാണെന്ന വാദം അംഗീകരിക്കാൻ പ്രയാസമാണെന്ന് ഇന്നലെ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു
ആചാരങ്ങളിൽ കോടതി ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വാദം നിർണായകമാണ്. ഒപ്പം ലിംഗസമത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ചർച്ചയാകും.
നിലവിൽ യുവതീ പ്രവേശനത്തെ അനൂകുലിക്കാതെയോ എതിർക്കാതെയോ ആണ് സംസ്ഥാനം വാദങ്ങൾ എഴുതി നൽകിയത്. ഇന്നലെ വാദത്തിനിടെ പ്രധാനപ്പെട്ട ചില നീരീക്ഷണങ്ങൾ കോടതി നടത്തിയിരുന്നു. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട്. പക്ഷെ ഒരു അധികാരവും ഇല്ലെന്ന വാദം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പറഞ്ഞു. വിശ്വാസികൾ ആചാരങ്ങൾ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന വാദത്തിനിടെ ആവർത്തിച്ചു.
Kerala
തിരുവനന്തപുരം: 2018ലെ പ്രളയം മനുഷ്യനിർമിത പ്രളയമാണെന്ന് ആദ്യം പറഞ്ഞത് താനാണെന്നും അത് ഹൈക്കോടതിയുടെ അമിക്കസ് ക്യൂറി തന്നെ റിപ്പോർട്ട് കൊടുത്തിട്ടുള്ളതുമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല.
ഈ വിഷയത്തിൽ അന്നുമുതൽ ഏറ്റവും കൂടുതൽ നിയമസഭയ്ക്കകത്തും പ്രതികരിച്ച ഒരാൾ താനാണ്. ഹൈക്കോടതി ഒരു അമികസ് ക്യൂറിയെ വച്ചു. അമികസ് ക്യൂറിയുടെ റിപ്പോർട്ടിലും അതു വ്യക്തമായി പറയുന്നുണ്ട്.
കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പിണറായി വിജയൻ സർക്കാരിനാണ്. അത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടാൽ പിന്നെ പ്രളയമല്ലാതെ എന്താണ് ഉണ്ടാകുകയെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തു വന്നതോടെ സ്വകാര്യസ്ഥാപനത്തിനുവേണ്ടി കൂടിയാണു അന്നത്തെ പിണറായി സർക്കാർ കേരളത്തിൽ പ്രളയം സൃഷ്ടിച്ചതെന്നത് അദ്ഭു തപ്പെടുത്തുന്നതാണ്.
54 ലക്ഷം പേരെ ഗുരുതരമായി ബാധിക്കുകയും 14 ലക്ഷം പേർ ഭവനരഹിതരാകുകയും 433 പേർ മരിക്കുകയും ചെയ്ത ദുരന്തം അന്നത്തെ ഇടതു സർക്കാരിന്റെ സൃഷ്ടിയായിരുന്നു.
യുഡിഎഫ് സർക്കാർ വന്നാൽ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാർ തുടരണോ ഇടവേള വേണോ എന്നതിൽ രണ്ടഭിപ്രായമില്ലെന്നും തുടർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആര്യനാട് നടന്ന അരുവിക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചോളം വളരെ നിർണായകവും പ്രാധാന്യവും ഉള്ളതാണ്. 2016ൽ എൽഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ എല്ലാ മേഖലയിലും തകർച്ചയിലായിരുന്നു കേരളം. ആ അവസ്ഥയിൽ നിന്നും നല്ല രീതിയിൽ നമുക്ക് മുന്നേറാനായി. 2021ലെ തെരഞ്ഞെടുപ്പ് അതിന്റെ തുടർച്ചയായിരുന്നു.
പാവങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണിയാണ് എൽഡിഎഫ്, അതുകൊണ്ട് മാത്രമാണ് ഇന്ത്യയിലെ ഏക അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞത്. കേരളത്തേക്കാൾ സമ്പന്നമായ മറ്റ് സംസ്ഥാനങ്ങൾക്ക് അങ്ങനെയൊന്ന് ചിന്തിക്കാൻ പോലും സാധിച്ചില്ല. അവിടെയാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ കലാപങ്ങളും സംഘർഷങ്ങളും ഇല്ലാത്ത പത്ത് വർഷങ്ങൾ എൽഡിഎഫ് നാടിന് സമ്മാനിച്ചു. വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം ഉണ്ടാക്കുവാനും നാൽപ്പതിനായിരം സ്മാർട്ട് ക്ലാസ് റൂമുകൾ നിർമിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിക്കുകയും ക്യത്യമായി നൽകാനും എൽഡിഎഫ് സർക്കാരിനായി.
പെൻഷൻ തുക ഉയർത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചവരാണ് യുഡിഎഫുകാർ. 2016ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ 18 മാസത്തെ കുടിശികയുണ്ടായിരുന്നു. യുഡിഎഫ് എപ്പോഴും ഇത്തരം നയങ്ങളാണ് പിന്തുടരുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ വലിയ രീതിയിൽ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിച്ചു. കേരളം ദുരന്തമുഖത്ത് നിന്നപ്പോൾ കേന്ദ്രം ഒരു സഹായത്തിനും എത്തിയില്ല. അതിന് കാരണം മതനിരപേക്ഷതയുടെ വിളനിലമായ കേരളം, ആർഎസ്എസ് ബിജെപിക്ക് വർഗീയ ശക്തികൾക്ക് ഇടംനൽകാത്തതിനാലാണ്.
അപ്പോഴും കേന്ദ്ര നിലപാടിനെ അംഗീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും അവർക്കൊപ്പം നിൽക്കാൻ കഴിയുന്ന ഒരു സ്ഥാനാർഥിയാണ് ജി. സ്റ്റീഫൻ എന്നും അദ്ദേഹം പറഞ്ഞു.
Kerala
കല്‍പ്പറ്റ: കേരളം ഭരണമാറ്റത്തിന് കൊതിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. യുഡിഎഫ് വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല തരംഗം ആഞ്ഞുവീശും. പിണറായി വിജയന് വാര്‍ത്താസമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധിയെ സ്ഥിരമായി വിമര്‍ശിക്കുകയാണ്. എന്നാല്‍ മോദിക്കെതിരേ മിണ്ടുന്നില്ല. മോദിയെ വിമര്‍ശിച്ചാല്‍ ഇഡി പൂട്ടിടുമെന്ന ഭീതിയാണ് അദ്ദേഹത്തിനെന്നും കെ.സി വിമർശിച്ചു.
ഇന്നലെ വരെ കമ്മ്യൂണിസ്റ്റുകളായിരുന്നവര്പോലും പാര്‍ട്ടി വിടുകയാണ്. കണ്ണൂരിലെ കോട്ടകളും ഇളകിത്തുടങ്ങി. ജനപ്രതിനിധി എങ്ങനെയാകണമെന്ന് തെളിയിച്ച എംഎല്‍എയാണ് മണ്ഡലത്തില്‍ രണ്ടാമതും മത്സരിക്കുന്ന ടി. സിദ്ദിഖ്. ഉരുള്ദുരന്തമുണ്ടായപ്പോള് ജനം അത് കണ്ടതാണ്.
ദുരന്തബാധിതരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ അദ്ദേഹം ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കി. ജനഹൃദയത്തില്‍ ജീവിക്കുന്ന ജനപ്രതിനിധിയാണ് സിദ്ദിഖ്. കാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിദ്ദിഖ് വിജയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
National
ബംഗളൂരു: ആർഎസ്എസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കർണാടക സർക്കാർ.
മൈസൂരുവിൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (കെഎസ്ഒയു) നിശ്ചയിച്ചിരുന്ന ദീൻദയാൽ ഉപാധ്യായ പ്രഭാഷണ പരമ്പരയ്ക്കാണ് സർക്കാർ അനുമതി നിഷേധിച്ചത്.
സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിന് പിന്നാലെ സംസ്ഥാന വൈദ്യുതി ബോർഡും സർക്കാരിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെന്നു പരാതി.
വൈദ്യുതി ബോർഡിന്റെ ഉപയോക്താക്കൾക്ക് ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടയ്ക്കേണ്ട തുകയ്ക്ക് തൊട്ടു താഴെയായി ’പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകമാണ് ബില്ലിൽ ചേർത്തിട്ടുള്ളത്.
ആദ്യമായാണ് വൈദ്യുതി ബോർഡ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വൈദ്യുതി ബില്ലിനെ തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധിയാക്കുന്നത്.
വൈദ്യുതി ബോർഡിന്റെ പുതിയ ബില്ല് അടിയന്തരമായി പിൻവലിക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി പരാതി നൽകി.
Kerala
കൊച്ചി: ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ബാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കുന്നത് സര്‍ക്കാരിന്റെ അബ്കാരി പ്രീണനനയത്തിന്റെ ഭാഗമെന്ന് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
തെരഞ്ഞെടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സ്വയം കുഴിതോണ്ടുകയാണ്. ഈ സര്‍ക്കാരിന്റെ മദ്യനയത്തിനോ, മുന്നണിയുടെ പ്രകടന പത്രികയ്ക്കോ വോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കൽപ്പറ്റ: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനസമൂഹം ഒന്നാകെ ഭരണമാറ്റം ആഗ്രഹിക്കുന്നതായി എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ പ്രസ്താവിച്ചു. യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്റെ മുട്ടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നീലക്കണ്ടി സലാം അധ്യക്ഷത വഹിച്ചു. ജോയ് തൊട്ടിത്തറ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സലീം മേമന, പി.പി. ആലി, ഗോപാലക്കുറുപ്പ്, ചന്ദ്രിക കൃഷ്ണൻ, റഷീദ്, ജമാൽ, ബിനു തോമസ്, നജീബ് കരണി, റസാക്ക് കൽപ്പറ്റ, ശശി പന്നിക്കുഴി, സജീവൻ മടക്കിമല, സുന്ദരരാജ്, നസീമ, ഉഷ, നൂർദ്ദിൻ, ഉഷ തന്പി, പി.കെ. ഗോപി, മോഹൻദാസ് കോട്ടക്കൊല്ലി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേരള ജനത ഭരണമാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷക്കാലമായി കേരള ജനതയനുഭവിക്കുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും ശാശ്വത പരിഹാരത്തിനായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യജനാധിപത്യ മുന്നണി ഒരു തരംഗമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. വികസിത സംസ്ഥാനമായി കേരളം മാറ്റുന്നതിന് മുന്തിയ പരിഗണന നല്‍കും. അതാണ് ടീം യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
യുഡിഎഫ് വാമനപുരം നിയോജക മണ്ഡലം സ്ഥാനാർഥി സുധീർ ഷാ പാലോടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കല്ലറ അനിൽകുമാർ, രമണി പി. നായർ, ആനാട് ജയൻ, ഇടവം ഖാലിദ്, നിസാർ മുഹമ്മദ് സുൽഫി, അഡ്വ. മുജീബ്, ആനാട് ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വീഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്നലെ കേന്ദ്ര നിർദേശത്താൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്.
പത്തോ പതിനായിരമോ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഗ്യാസ് വിതരണം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉത്തർപ്രദേശ് യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മോദിയെ വിമർശിക്കുന്ന ചിത്രമിട്ടതിനു കാരവൻ മാസികയുടെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കേന്ദ്രത്തിൽനിന്ന് ഉത്തരവുണ്ടായെന്നും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ അധ്യക്ഷയായ സുപ്രിയ ശ്രിനതെ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളെ മുഴുവനായി നിയന്ത്രിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതനന്ത്ര്യത്തിനു നേരേയുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഏതൊക്കെ അക്കൗണ്ടുകൾ നിലനിൽക്കണമെന്നതും നിരോധിക്കണമെന്നതും ഇപ്പോൾ കേന്ദ്രം തീരുമാനിക്കുമെന്ന തരത്തിലാണു സ്ഥിതിവിശേഷം നിലനിൽക്കുന്നത്.
ജനാധിപത്യം ഏറ്റവും വലിയ അപകടത്തിലാണെന്നും സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയുടെ ആചാര സംരക്ഷണത്തിനു വേണ്ടി പോരാടിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിന്‍വലിക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്. ശബരിമല ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാതെ സുപ്രീം കോടതിയില്‍ നല്കിയ സത്യവാംഗ്മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
നയം മാറ്റത്തെ ന്യായീകരിക്കാന്‍ അച്യുതാനന്ദന്റെ കാലത്തെ സത്യവാംഗ്മൂലത്തെ ദേവസ്വം മന്ത്രി വി.എന്‍. വാസവന് കൂട്ടുപിടിക്കുന്നത് ശരിയല്ല. ആചാരങ്ങള്‍ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതില്‍ പിണറായി സര്‍ക്കാര്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ പരാമര്‍ശമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്ന ഉറച്ച നിലപാടായിരുന്നു അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേസ് പിന്‍വലിച്ചു മാപ്പ് പറയുന്നില്ലെങ്കില്‍ ഇപ്പോഴത്തെ ചുവട് മാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്തര്‍ തെരുവിലിറങ്ങി സമരം ചെയ്തത് തങ്ങളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് തിരുത്തുകയും സമരക്കാരുടെ ആവശ്യം ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍, അതേ സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ തുടരുന്നത് അങ്ങേയറ്റം അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്ന രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അന്ന് നവോത്ഥാനത്തിന്റെ പേരില്‍ കോടികള്‍ ഒഴുക്കി വനിതാ മതില് പണിയുകയും, പോലീസ് സന്നാഹത്തോടെ വിശ്വാസികളെ അടിച്ചമര്‍ത്തി യുവതീപ്രവേശം സാധ്യമാക്കുകയും ചെയ്തവര്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുവടുമാറ്റം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണ്.
ആചാര സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണം. മുന്‍പ് വിശ്വാസികള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ തെറ്റായിരുന്നു എന്ന് തുറന്നു സമ്മതിക്കാതെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം നിലപാട് തിരുത്തുന്നത് രാഷ്ട്രീയ പാപ്പരത്തവും അധികാരത്തോടുള്ള ആര്‍ത്തിയും മാത്രമാണ്.
നവോത്ഥാന മൂല്യങ്ങളെ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി വിനിയോഗിക്കുന്ന ഇത്തരം നാടകങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയും. ലിംഗനീതിയുടെയും നവോത്ഥാനത്തിന്റെയും പേരില്‍ വിശ്വാസികളെ വേട്ടയാടി ബഹുജന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.
ഭക്തലക്ഷങ്ങള്‍ തെരുവില്‍ കണ്ണീരൊഴുക്കി. മൂന്ന് പേര് രക്തസാക്ഷികളായി. അതിനിഷ്ടൂരമായി പ്രക്ഷോഭത്തെ നേരിട്ട സര്‍ക്കാര്‍ ഇപ്പോള്‍ കഴിഞ്ഞ കാല സംഭവങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. വരാനിരിക്കുന്ന ജനവിധിയിലുള്ള ഭയം മൂലമാണ് ഈ ഭാവമാറ്റം ഉണ്ടായിരിക്കുന്നതെന്നും കുമ്മനം രാജശേഖരന് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: രണ്ടാം പിണറായി സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ പരസ്യങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമായി ഇതുവരെ ചെലവഴിച്ചത് 152. 56 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്നു ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കേരള ടൂറിസത്തിന്റെ രാജ്യത്തിനകത്തെ പ്രചാരണങ്ങൾക്കായി 117.07 കോടിയാണു കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെലവഴിച്ചത്. അന്താരാഷ്ട്രതലങ്ങളിലുള്ള പ്രചാരണങ്ങൾക്കായി 35.49 കോടി സർക്കാർ അനുവദിച്ചിരുന്നു. അനുവദിച്ച തുക പൂർണമായി ചെലവഴിച്ചതായും വിനോദസഞ്ചാര വകുപ്പിന്റെ രേഖകളിൽ പറയുന്നു. സർക്കാർ അംഗീകൃത ഏജൻസികളാണ് ടൂറിസം വകുപ്പിന്റെ പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
ഈ സർക്കാർ ഓരോ വർഷങ്ങളിൽ ടൂറിസം വകുപ്പിന്റെ മാർക്കറ്റിംഗ് പരസ്യങ്ങൾക്കായി ബജറ്റിൽ അനുവദിച്ചത്, നൽകിയത്, ചെലവഴിച്ചത് എന്നീ ഇനങ്ങളിലുള്ള തുക പ്രത്യേകമായി ക്രോഡീകരിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്.
2025ൽ സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിനുവേണ്ടി മാത്രം രണ്ടു കോടി രൂപ ടൂറിസം വകുപ്പിന് അനുവദിച്ചതു വിവാദമായതാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിൽ നടന്ന ബേപ്പൂർ ഫെസ്റ്റിന്റെ പരസ്യത്തിന് 13 ലക്ഷം ചെലവഴിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ജെഡിസി പരിശീലനത്തിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ട്യൂഷൻ ഫീസും പരീക്ഷാ ഫീസും ഇനിമുതൽ സംസ്ഥാന സർക്കാർ അടയ്ക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ.
സംസ്ഥാനത്ത് ജെഡിസി പരിശീലനത്തിൽ പങ്കെടുക്കുന്ന സഹകരണ സംഘം ജീവനക്കാർ ശന്പളരഹിത അവധി എടുത്തും ട്യൂഷൻ ഫീസും, പരീക്ഷാ ഫീസും സ്വന്തമായി അടച്ചുമാണ് പരിശീലനം പൂർത്തീകരിച്ചിരുന്നത്.
മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഫഷണൽ എജ്യൂക്കഷൻ ഫണ്ട് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ അപേക്ഷ പരിഗണിച്ചാണ് യോഗം ഈ തീരുമാനം കൈക്കൊണ്ടത്.
നിലവിലെ കണക്കനുസരിച്ചു പ്രതിവർഷം 400ൽ അധികംപേർ പരിശീലനത്തിന് എത്തുന്നത്. ഒരു കോടി രൂപയാണ് ഇതിനായി പ്രഫഷണൽ എജ്യൂക്കഷൻ ഫണ്ടിൽ നിന്നു നീക്കി വയ്ക്കുന്നതെന്നു മന്ത്രി അറിയിച്ചു.
Kerala
തൃശൂർ: ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ആരെയൊക്കെ ക്ഷണിക്കണമെന്ന കാര്യം സർക്കാർ മുൻകൂട്ടി കേന്ദ്രത്തെ അറിയിക്കണമായിരുന്നുവെന്നും സുരേഷ് ഗോപി.
“കേന്ദ്രമന്ത്രിയായ എന്നോടും സുരക്ഷാപരിശോധനയുടെ ഭാഗമായി ആധാർ കാർഡ് ചോദിച്ചിട്ടുണ്ട്. ദേഹപരിശോധനയും നടത്തിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം എന്നെപ്പോലും അറിയിക്കാറില്ല.
നിലവിലെ വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണംമാത്രമാണ് സിപിഎം നടത്തുന്നത്- മന്ത്രി പ്രതികരിച്ചു.
Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് വിവിധ പത്രങ്ങളിൽ നൽകിയ 'ജാക്കറ്റ്' പരസ്യങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ നേട്ടത്തിനായി പൊതുപണം ദുരുപയോഗം ചെയ്തു എന്നാരോപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഹർജി സമർപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മുഖേന നൽകിയ രണ്ടു പേജുള്ള ജാക്കറ്റ് പരസ്യങ്ങൾ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ്.
മുൻ സർക്കാരുകളുടെ പരാജയങ്ങളും നിലവിലെ സർക്കാരിന്റെ നേട്ടങ്ങളും താരതമ്യം ചെയ്യുന്ന പരസ്യം വഴി രാഷ്ട്രീയ പ്രചാരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം പരസ്യങ്ങൾ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുകയും എതിർകക്ഷികളായ സംസ്ഥാന സർക്കാരിനോട് പത്ത് ദിവസത്തിനകം സത്യവാംഗ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, ഹർജിയിൽ ഉന്നയിച്ചിട്ടുള്ള വാദങ്ങൾ പ്രഥമദൃഷ്ട്യാൽ കോടതിക്ക് ബോധ്യപ്പെടാത്തതിനാൽ പരസ്യങ്ങൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി തയ്യാറായിട്ടില്ല.
സർക്കാർ പരസ്യങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കരുത് എന്ന സുപ്രീം കോടതിയുടെ 'കോമൺ കോസ്' കേസിലെ വിധി ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് ധാരണയിൽ എത്തിയശേഷം തീരുമാനിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭയിൽ തീരുമാനം. ഇടതുമുന്നണിയിൽ ചർച്ച ചെയ്തശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നിലപാട് മാർച്ച് 14നകം അറിയിക്കാൻ സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ രാഷ്്ട്രീയ തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത സാഹചര്യത്തിൽ ആചാരവുമായി ബന്ധപ്പെട്ട നിർണായക നിലപാട് മുന്നണി ചർച്ചചെയ്ത് തീരുമാനിക്കുന്നതാകും ഉചിതമെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിക്കുക. 2019 ൽ യുവതീപ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടു തിരുത്തിയാണ് ബോർഡിൽ പുതിയ പ്രമേയം വന്നത്.
2019ൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് പിണറായി സർക്കാരിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയവും ഏറ്റുവാങ്ങി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ, അർധ സർക്കാർ വകുപ്പുകളിൽ ജോബ് റോളുകൾക്ക് അനുസൃതമായി അപ്രന്റിസ് ട്രെയിനികളെ നിയമിക്കാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ട്രെയിനികൾക്ക് ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് (ഡിജിടി) പുറപ്പെടുവിച്ച പുതുക്കിയ നിബന്ധനകൾ പ്രകാരം സ്റ്റൈപ്പന്റ് ഏർപ്പെടുത്തും. ട്രെയിനികളുടെ നിയമനം നടപ്പാക്കുന്നതിന് ഓരോ വകുപ്പും സ്വന്തം പ്ലാൻ ഫണ്ടിൽനിന്ന് പണം മാറ്റിവയ്ക്കുന്നതിന് പകരമായി ഒരു ‘കോമണ്‍ പൂൾ ഫണ്ട് ’ രൂപീകരിക്കുന്നതിനും അനുമതി നൽകി.
ഓരോ വകുപ്പിലും പുതിതുതായോ താത്കാലികമായോ ഉണ്ടാകുന്ന ഡസിഗ്നേറ്റഡ് ട്രേഡുകളിലെ ഒഴിവുകളിൽ യോഗ്യരായ അപ്രന്റിസുകളെ നിയമിക്കുന്നതിന് അനുമതിൽ നൽകി. നിലവിൽ അഞ്ച് ശതമാനത്തിന് താഴെ അപ്രന്റിസുകളെ നിയമിച്ചിട്ടുള്ള വകുപ്പുകളിൽ 15 ശതമാനം വരെയായി വർധിപ്പിക്കാനും അനുമതി നൽകി.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും.
അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുണ്ടെന്നും അതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
അനുമതിക്കായി സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ നല്കിയാല് പരിഗണിക്കാമെന്നു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഭാവന നല്‍കിയവര്‍ക്കു നന്ദിസന്ദേശം അയയ്ക്കാനാണ് അനുമതി തേടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദേശമയച്ചതില്‍ ഡാറ്റാ ചോര്ച്ചയുണ്ടെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്.
ജീവനക്കാര്‍ക്ക് അയച്ചതിനു സമാന രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്.
ഐടി മിഷന് വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്നും വ്യക്തിവിവരങ്ങള്‍ ചോര്ന്നിട്ടില്ലെന്നുമാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
District News
പാലക്കാട്: സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനസാഹചര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. തൃത്താല മണ്ഡലത്തിൽ പുതുതായി അനുവദിച്ച ഗവ. നഴ്സിംഗ് കോളജിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലോകമെന്പാടും മലയാളി നഴ്സുമാർക്ക് വലിയ അംഗീകാരവും തൊഴിൽ സാധ്യതയുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് മുൻകൂട്ടി കണ്ടാണ് കഴിഞ്ഞ ബജറ്റിൽ പുതിയ നഴ്സിംഗ് കോളജുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തത്. നിലവാരമുള്ള നഴ്സിംഗ് വിദ്യാഭ്യാസത്തിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് മികച്ച കരിയർ ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കോളജ് സജ്ജീകരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ തന്നെ കോളജിൽ പ്രവേശനം ആരംഭിക്കുമെന്നും ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, നാഗലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ, കെ.പി. വിബിലേഷ്, നിഷ വിജയകുമാർ, സിപിഎഎസ് ഡയറക്ടർ പ്രഫ.പി. ഹരികൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ടി.പി. ജയചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.അബ്ദുൾ വഹാബ്, പ്രഫ. ജോജി അലക്സ്, പ്രിൻസിപ്പൽ ഡോ.എസ.് ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അധ്യയനവർഷത്തെ തസ്തിക നിർണയം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏരിയ ഇൻസന്റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്റ്റംബർ ഒൻപതിനു മുൻപു നിയമനം ലഭിച്ച 34 അധ്യാപകർക്കും ഒരു അനധ്യാപകനും ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവു നൽകി നിയമനം നൽകും.
നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിലുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണു നിയമന അംഗീകാരം.
Kerala
ആലപ്പുഴ: സര്‍ക്കാരിന്റെ ഡാറ്റാ മോഷണ വിവാദം ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നതിനായി ആരോഗ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്ന നാടകമാണ് കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ ആക്രമണം നടത്തിയെന്ന കള്ളപ്രചാരണമെന്ന് രമേശ് ചെന്നിത്തല.
മന്ത്രി മികച്ച നടിയാണെന്ന് ഇപ്പോഴാണ് കേരളത്തിന് മനസിലായത്. എം.വി. ഗോവിന്ദനും വീണാ ജോര്‍ജും തമ്മില്‍ അഭിനയ മത്സരമാണ് നടക്കുന്നത്. മന്ത്രിയുടെ ദേഹത്ത് ഒരു മണ്ണുപോലും ആരും നുള്ളിയിട്ടിട്ടില്ല. 40-ലധികം വരുന്ന പോലീസുകാരുടെ വലയത്തിലായിരുന്ന മന്ത്രിയുടെ അടുത്തേക്ക് ഒരു കെഎസ് യു പ്രവര്ത്തകന് പോലും എത്തിയിട്ടില്ല. എന്നിട്ടും അവര്‍ക്കെതിരെ കൊലപാതകശ്രമം ചുമത്തിയത് പ്രതിഷേധാര്‍ഹമാണ്.
മന്ത്രിയെ തടഞ്ഞ പോലീസുകാര്‍ക്കെതിരെയാണ് കേസെടുക്കേണ്ടത്. പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ സ്പീക്കര്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നത്. പാര്‍ട്ടികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടയാളാണ് സ്പീക്കര്‍. ഭരണഘടനാ പദവിയുടെ വില കളയുന്ന നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സംഭവങ്ങളുടെയെല്ലാം മറവില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎം ആക്രമണം നടത്തുകയാണ്. പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോര്‍ഡുകളും പ്രചാരണ വാഹനങ്ങളും സിപിഎം അടിച്ചു തകര്‍ക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെഞ്ചത്ത് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചപ്പോള്‍ പോലും ഒരു പ്രതിഷേധവും വേണ്ട എന്ന് ആഹ്വാനം ചെയ്ത പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണ്.
പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന ഡാറ്റാ മോഷണത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ അഭ്യാസങ്ങള്‍ മുഴുവന്‍. ഡാറ്റാ മോഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പെന്ഷന് വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്.
ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. പെന്ഷന് വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു.
ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭ്യമാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേരു നൽകാൻ പാടില്ലെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ബാങ്കിംഗ് സർവീസ് കമ്മീഷൻ എന്നീ ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്കും വിവിധ കോഴ്സുകൾക്കുള്ള പ്രവേശനപരീക്ഷകൾ തുടങ്ങിയവയ്ക്ക് സൗജന്യ പരിശീലനം നൽകുന്ന ട്രെയിനിംഗ് സെന്ററുകളുണ്ട്.
ധാരാളം കുടിയേറ്റ കർഷകരുള്ള മലയോര പ്രദേശമായ കണ്ണൂരും ഇടുക്കിയിലും കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും ധാരാളം മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന എറണാകുളത്തും തിരുവനന്തപുരത്തുമുള്ള തീരപ്രദേശങ്ങളിലും ഇത്തരം ട്രെയിനിംഗ് ഉപകേന്ദ്രങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചു.
പരിവർത്തിത ക്രൈസ്തവ കോർപറേഷന് കണ്ണൂർ ജില്ലയിൽ ഓഫീസ് ആരംഭിക്കും. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇ-ഗ്രാന്റ് സ്കോളർഷിപ്പുകൾ പുനഃസ്ഥാപിച്ചു നൽകും. ക്ഷേമപെൻഷൻ 1,600 രൂപയിൽനിന്ന് 2000 രൂപ ആക്കി വർധിപ്പിച്ച സാഹചര്യത്തിൽ ഗവണ്മെന്റ് ഗ്രാന്റായി ഓർഫനേജുകൾക്കും അന്തേവാസികൾക്കും നൽകിവന്ന തുക ആനുപാതികമായി ഉയർത്തി. 1100 രൂപയിൽനിന്ന് 1375 രൂപയിലേക്കാണ് ഉയർത്തിയത്.
ഒഇസി ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ ജാതി അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്റ്റൈപ്പന്റും ലംപ്സം ഗ്രാന്റും സ്കോളർഷിപ്പ് അല്ല എന്നു വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കാനും തീരുമാനിച്ചു.
Kerala
കൊച്ചി: തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റില്‍ എസ്ഐടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം വന്നപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. കോടതി പറഞ്ഞത് തന്ത്രിക്കെതിരെ തെളിവില്ലെന്നാണെന്നും സതീശന് പുതുയുഗ യാത്രയ്ക്കിടെ കൊച്ചിയില്‍ പറഞ്ഞു.
മന്ത്രിയെ അറസ്റ്റ് ചെയ്താലും മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും എന്ത് കാരണത്തിന്റെ പേരിലാണ്, അവര്‍ക്ക് എന്ത് പങ്കാളിത്തമാണ് അതിനകത്ത് ഉള്ളതെന്ന് പറയണം. ഒരു തെളിവും ഇല്ലാതെ, കുറ്റകൃത്യത്തില്‍ ഒരു പങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ പോലൊരാളെ 41 ദിവസം ജയിലില്‍ ഇട്ടത് എന്തിനാണെന്ന് എസ്ഐടി പറയണം.
സിപിഎം നേതാക്കള്‍ക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച വച്ചപ്പോള്‍ അതില്‍ നിന്നും വഴി തിരിച്ചു വിടുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നൊരു ആരോപണമുണ്ട്. തന്ത്രിയെ പോലാരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ പങ്കാളിത്തം എന്തു കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പറഞ്ഞില്ലെന്നും സതീശന് പറഞ്ഞു.
അതേസമയം, കൊല്ലം വിജിലന്‍സ് കോടതി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ തെളിവുകള്‍ ഇല്ല എന്നായിരുന്നു കോടതി പറഞ്ഞത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.
മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന നയം സ്വീകരിച്ചവര്‍ മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിള്‍ വാക്യം ഓര്‍മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കും.
മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മദ്യശാലകളുടെ എണ്ണം കൂട്ടിയും സമയം വര്‍ധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടരുതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യത കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്, മറിച്ച് മയക്കുമരുന്നുപയോഗകരുടെയും, മദ്യപാനികളുടെയും, തെരുവുനായ്ക്കളുടെയും, വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നടത്തിയാല്‍ മദ്യപിച്ചും, മയക്കുമരുന്നുകള്‍ കഴിച്ചും ഭ്രാന്തന്മാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു.
കേരള കത്തോലിക്കാ സഭ മാര്‍ച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. സീറോ മലബാർ ലത്തീൻ, മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യും.
Kerala
കൊല്ലം: നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതു സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിലും വലിയ അടി അടുത്തകാലത്തൊന്നും കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യ എഐ (നിർമിത ബുദ്ധി) ഇംപാക്ട് ഉച്ചകോടിയുടെ ഉദ്ഘാടനദിവസത്തിലുണ്ടായ മോഷണം, അനിയന്ത്രിത ജനത്തിരക്ക്, വാർത്താവിനിമയ പ്രശ്നങ്ങൾ അടക്കം വിദേശപ്രതിനിധികൾ നേരിട്ട ദുരിതത്തിന് കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുത്തവർ നേരിട്ട പ്രശ്നങ്ങൾക്കു ക്ഷമാപണം നടത്തുന്നതായും വരുംദിവസങ്ങളിൽ സുഗമമായ അനുഭവം വാഗ്ദാനം ചെയ്യുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഉച്ചകോടിയിൽ 70,000ത്തിലധികം ആളുകൾ പങ്കെടുത്തതുമൂലമാണ് ചില പ്രയാസങ്ങൾ നേരിട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയാണിത്. പ്രതികരണം അസാധാരണമായിരുന്നു. ഊർജം സ്പഷ്ടമാണ്. ഇപ്പോഴെല്ലാം വളരെ സുഗമമാണ്. തിങ്കളാഴ്ച ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ, അതിനു ക്ഷമ ചോദിക്കുന്നു- ഭാരത് മണ്ഡപത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയെന്ന് കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയുടെ ഹാളുകളിലേക്ക് വലിയ ജനക്കൂട്ടം ഇരച്ചുകയറിയതോടെ ആകെ തകിടം മറിഞ്ഞു. എവിടെയും നീണ്ട ക്യൂകളും തിക്കും തിരക്കുമായിരുന്നു. മൊബൈൽ ഡാറ്റ കണക്ടിവിറ്റിയും പ്രശ്നമായി. പ്രമുഖരുടെയും സ്ത്രീകളുടെയും ആഭരണങ്ങളും വിലപ്പെട്ട രേഖകളും മോഷ്ടിക്കപ്പെട്ടതായും പരാതിയുണ്ട്. പ്രതിനിധികൾക്കു കൃത്യമായ നിർദേശം പോലുമില്ലായിരുന്നത് പ്രശ്നം വഷളാക്കിയെന്നു സമ്മേളനത്തിനെത്തിയവർ പരാതിപ്പെട്ടു.
വിമാനയാത്ര, താമസം, ലോജിസ്റ്റിക്സ്, ബൂത്ത് എന്നിവയ്ക്കെല്ലാം പണം നൽകിയവരോടു സുരക്ഷയുടെ പേരിൽ കാട്ടിയത് അതിക്രമങ്ങളാണെന്ന് ഇന്ത്യയിലെ ആദ്യ പേറ്റന്റ് നേടിയ എഐ വെയറബിൾ കന്പനിയായ നിയോ സാപിയൻ സിഇഒ ധനഞ്ജയ് യാദവ് പറഞ്ഞു.
തന്റെ ഉപകരണങ്ങൾ പലതും മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം അറിയിച്ചു. സ്വന്തം നിർമാതാക്കളെ മാറ്റിനിർത്തുന്ന എഐ ഉച്ചകോടിയാണെന്ന് റെസ്കില്ലിന്റെ സ്ഥാപകനായ പുനിത് ജെയിൻ പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. പരിപാടിക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.
ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളജ് വിദ്യാർഥികളെ സർവേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു.
Kerala
പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നു കണ്ടെത്തിയ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനായി ലേലനടപടികൾ തുടങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി.
കാറഡുക്ക വനമേഖല ഉൾപ്പെടുന്ന നാർളം ബ്ലോക്കിലാണ് ആദ്യമായി ലേലനടപടികൾ തുടങ്ങുന്നത്. 82.16 ഹെക്ടർ വിസ്തീർണമുള്ള ഈ ബ്ലോക്കിൽ 4.88 ദശലക്ഷം ടൺ സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും ഉള്ളതായിട്ടാണ് സർവേയിൽ കണ്ടെത്തിയത്. 365 കോടി രൂപയാണ് ഈ ധാതുനിക്ഷേപത്തിനു മൂല്യം നിർണയിച്ചിട്ടുള്ളത്. ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടും.
ഓൺലൈൻ ലേലം നടത്തുന്നത് സംസ്ഥാന സർക്കാരിനു കീഴിലാണെങ്കിലും കേന്ദ്ര ഉരുക്കു മന്ത്രാലയത്തിനു കീഴിലുള്ള പോർട്ടലാണ് ഇതിനായി ഉപയോഗിക്കുക. ടാറ്റയും അദാനിയും ഉൾപ്പെടെ വൻകിട കമ്പനികൾതന്നെ ലേലത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ.
Kerala
പാലക്കാട്: പാർട്ടി എടുക്കുന്ന എല്ലാ നിലപാടുകളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ല സംസ്ഥാന സര്‍ക്കാരെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്. ജില്ലയില്‍ എല്‍ഡിഎഫ് വടക്കന്മുന്നേറ്റ വികസനജാഥയ്ക്കിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും അതു വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലില്ല. പ്രതിസന്ധികളുണ്ടാകണമെന്നു മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതേപടി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ഭരണകൂടസംവിധാനമല്ല സര്‍ക്കാരിനുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടത്തിനു കീഴിലുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം എന്ന യാഥാര്‍ഥ്യം എല്ലാവരും തിരിച്ചറിയണം.
ഇക്കാര്യം 1957ല്‍തന്നെ ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാന സര്‍ക്കാരിന് അതിന്റേതായ പരിമിതികളുണ്ട്. ആ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
ചങ്ങനാശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപക, അനധ്യാപക നിയമനാംഗീകാരം വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അനന്തമായി നീട്ടുന്നതും തടയപ്പെടുന്നതും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണെന്നും ഇത് കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിയില്ലെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരിയില്‍ നടന്ന പ്രതിനിധിസമ്മേളനം പ്രമേയം പുറത്തിറക്കി.
എന്‍എസ്എസിന് ലഭിച്ച സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴിച്ചിട്ട് മറ്റ് അധ്യാപക തസ്തികകളില്‍ സ്ഥിരനിയമനം നടത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്.
ഇരുപതിനായിരത്തോളം വരുന്ന അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്തത് സര്‍ക്കാര്‍ കാട്ടുന്ന അനീതിയാണ്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തത് എന്ന സര്‍ക്കാര്‍ ഭാഷ്യം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഇക്കാര്യത്തില്‍ സ്ഥാപിത താത്പര്യങ്ങള്‍ മുന്‍നിർത്തിയുള്ള വിദ്യാഭ്യാസ വിരുദ്ധമായ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തി നിയമനാംഗീകാരം നല്കാന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പ്രമേയം അവതരിപ്പിച്ചു.
Kerala
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.
ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.
ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.
ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വാസവൻ പറഞ്ഞു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ ശിക്ഷാനിയമവും നടപ്പാക്കി താലിബാൻ ഭരണകൂടം. പുതിയ നിയമപ്രകാരം സർക്കാരിനെ വിമർശിക്കുന്നത് മാരക പാപമാണ്. വിമർശിക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കണ്ട് കഠിനശിക്ഷയ്ക്കു വിധേയരാക്കും.
കടുത്ത വിമർശനമുന്നയിക്കുന്നവർക്ക് വധശിക്ഷ നൽകാൻ വരെ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം തുടങ്ങി സ്വാതന്ത്ര്യവും നിഷേധിച്ച താലിബാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റും നിരോധിച്ചിരിക്കുകയാണ്.
Kerala
കോട്ടയം: സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ജനകീയ ഹോട്ടലുകളേറെയും നിലച്ചു.
സംസ്ഥാനത്തുണ്ടായിരുന്ന 1116 ജനകീയ ഹോട്ടലുകളില്‍ നൂറില്‍ താഴെയേ നിലവില്‍ ഊണു വിളമ്പുന്നുള്ളു. സര്‍ക്കാര്‍ സബ്സിഡി ഇല്ലാതാക്കിയതും 2023ല്‍ ഊണിന് 35 രൂപ ആയി ഉയര്‍ത്തിയതുമാണ് പദ്ധതിയുടെ താളം തെറ്റിച്ചത്. ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കോടികളുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.
വാടകയും വൈദ്യുതി ബില്ലും ഉറപ്പു പറഞ്ഞിരുന്നെങ്കിലും നല്‍കിയില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ 2019-20 വാര്‍ഷിക ബജറ്റില്‍ അവതരിപ്പിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോവിഡ് കാലത്താണ് 20 രൂപ നിരക്കില്‍ ഊണും 25 രൂപയ്ക്ക് പൊതിച്ചോറുമായി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.
ഇതിനായി കൂടുംബശ്രീയുടെ കീഴില്‍ 1116 ജനകീയ ഹോട്ടലുകളും സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ 50 സുഭിക്ഷ ഹോട്ടലുകളാണ് ആരംഭിച്ചത്. അരി, പച്ചക്കറി, പാചകവാതകം തുടങ്ങി സകല സാധനങ്ങളുടെയും വില വര്‍ധിച്ചതോടെ ഹോട്ടലുകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്തതിനാലാണ് നടത്തിപ്പുകാര്‍ പിന്‍വാങ്ങുന്നത്.
ഒരു ഊണിന് പത്ത് രൂപ വീതം സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡിയും കുടിശികയായി. സബ്സിഡി നിരക്കില്‍ അരി നല്കിയിരുന്നതും രണ്ടു വര്‍ഷം മുന്‍പ് നിലച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി കമ്യൂണിറ്റി കിച്ചന് എന്ന നിലയ്ക്കാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന് എന്നത് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ എന്ന് മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്.
ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. അതിനു പ്രത്യേകം ഉത്തരവിറക്കും.
ഡിഎ കുടിശികപൂർണ്ണമായും നൽകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.ൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.