ട്രിവാന്‍ഡ്രത്തിന്റെ ഗോവിന്ദ് ദേവ് പൈയുടെ ബാറ്റിംഗ്.
കാര്യവട്ടം: രാജകീയ തിരിച്ചുവരവ് നടത്തി ട്രിവാന്‍ഡ്രം റോയല്‍സ്. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തറപറ്റിച്ച് ട്രിവാന്‍ഡ്രം റോയല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. 14 റണ്‍സിനാണ് ട്രിവാന്‍ഡ്രം വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 50 പന്തില്‍ നിന്നും 82 റണ്‍സ് നേടിയ ഗോവിന്ദ് ദേവ് പൈയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ട്രിവാന്‍ഡ്രം റോയല്‍സിനെ ബാറ്റിംഗിന് അയച്ചു. ഓപ്പണര്‍ കൃഷ്ണപ്രസാദ് രണ്ടു റണ്‍സെടുത്ത് പുറത്തായയത് ട്രിവാന്‍ഡ്രത്തെ തുടക്കത്തില്‍ പ്രതിരോധത്തിലാക്കി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം.
കൃഷ്ണപ്രസാദിനു പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഗോവിന്ദ് ദേവ് പൈയുടെ മികച്ച ഇന്നിംഗ്സ് ട്രിവാന്‍ഡ്രത്തിനു അടിത്തറ നല്കി.അഭിഷേക് പി. നായരുമായി ചേര്‍ന്ന് ഗോവിന്ദ് മികച്ച കൂട്ടുകെട്ട് പടുത്തിയര്‍ത്തി. ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ അഭിഷേകിനെ (57) സിബിന് ഗിരീഷ് ടി.കെ. അക്ഷയുടെ കൈകളിലെത്തിച്ചു.
ഗോവിന്ദ് പൈയ്ക്കൊപ്പം സിജോമോന്‍ ജോസഫ് ഒത്തുചേര്‍ന്നതോടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. 25 പന്തില്‍ 63 റണ്‍സ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തു. 50 പന്തില്‍ നിന്ന് ഗോവിന്ദ ദേവ് പൈ 82ഉം 13 പന്തില്‍ നിന്നും സിജോമോന്‍ 31 റണ്‍സും അടിച്ചുകൂട്ടിയതോടെ ട്രിവാന്‍ഡ്രം 194 റണ്‍സ് എന്ന അതിശക്തമായ നിലയിലെത്തി.
195 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആകാശ് പിള്ളയുടെ വിക്കറ്റ് നഷ്ടമായി. ആറാം ഓവറില്‍ ആലപ്പിയുടെ വിശ്വസ്ത ബാറ്റ്സ്മാന് അസ്ഹറുദീന്റെ (15 റണ്‍സ്) വിക്കറ്റ് പോയതോടെ ടീം പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ സച്ചിന് ബേബി (91) പുറത്തായതോടെ ആലപ്പിയുടെ വിജയപ്രതീക്ഷ മങ്ങി.
Tags : TrivandrumRoyals ICL Wins Sports Cricket