മന്ത്രി സി.പി.ജോൺ.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിമർശിച്ച് മന്ത്രി സി.പി.ജോൺ. പാർട്ടി വിട്ട് മത്സരിച്ച് എംഎൽഎമാരായ നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവർത്തകരെ നിർവീര്യരാക്കാനുമാണ് ശ്രമമെങ്കിൽ അത് വിലപ്പോവില്ല. ഇത് കൈയും കെട്ടി നോക്കിനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനകത്തെ ഒറ്റപ്പെടൽ മറച്ചുവെക്കാനും പാർട്ടിയുടെ യഥാർഥ വക്താവ് താനാണെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും സി.പി. ജോൺ ആരോപിച്ചു. പിണറായിക്കെതിരെ സിപിഎമ്മിനകത്ത് ശക്തമായ ചർച്ചകളും നീക്കങ്ങളും നടക്കുകയാണ്.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണമെന്ന ആവശ്യം ബ്രാഞ്ച് തലം മുതൽ സംസ്ഥാന തലം വരെ ഉയർന്നിട്ടുണ്ട്. പിണറായിയുടെ പ്രസംഗ വേദികളിൽ സംസ്ഥാന നേതാക്കളും കണ്ണൂരിലെ പ്രമുഖ നേതാക്കളും പങ്കെടുക്കാത്തത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തിരുത്തണമെന്ന കേന്ദ്ര കമ്മിറ്റിയുടെ നിർദേശത്തിന് പകരം ജനങ്ങളാണ് തിരുത്തേണ്ടതെന്നാണ് പിണറായിയുടെ നിലപാട്. ഇത് ജനങ്ങൾ തള്ളിക്കളയും. പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെടാൻ സിപിഐയെ പ്രേരിപ്പിച്ചതും പിണറായി വിജയനെതിരായ നീക്കത്തിന്റെ ഭാഗമാണെന്നും സി.പി.ജോൺ പറഞ്ഞു.