മെസി.
ബ്യൂണസ് ഐറിസ്: ഫുട്ബോൾ മൈതാനത്ത് ചില താരങ്ങൾ മത്സരങ്ങൾ കളിക്കും. ചിലർ റിക്കർഡുകൾ സൃഷ്ടിക്കും. എന്നാൽ അപൂർവം ചിലർ മാത്രം ഒരു കാലഘട്ടത്തിന്റെ തന്നെ മുഖമായി മാറും. അത്തരത്തിലുള്ള ഒരു താരമാണ് സാക്ഷാൽ ലയണൽ ആന്ദ്രസ് മെസി. രണ്ട് പതിറ്റാണ്ടിനടുത്ത് അർജന്റീനയുടെ നീലയും വെള്ളയും നിറങ്ങളുള്ള ജഴ്സിയിൽ പന്തുമായി പാഞ്ഞ ആ മനുഷ്യൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുന്ന ഘട്ടത്തിലെത്തുമ്പോൾ അവസാനിക്കുന്നത് ഒരു കരിയർ മാത്രമല്ല.
ലോക ഫുട്ബോളിലെ അതുല്യമായ ഒരു അധ്യായം കൂടിയാണ്. റൊസാരിയോയിൽ നിന്ന് തുടങ്ങിയ യാത്ര ബാഴ്സലോണയുടെ മൈതാനങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്കായിരുന്നു. ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ ഒന്നിന് പിന്നാലെ സ്വന്തമാക്കിയപ്പോഴും അർജന്റീന ജഴ്സിയിലെ മെസിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷകളും നിരാശകളും വിമർശനങ്ങളും കണ്ണീരും നിറഞ്ഞ വഴിയായിരുന്നു അത്.
2010ലെ ലോകകപ്പിൽ മെസിക്കൊപ്പം അർജന്റീനയുടെ പരിശീലക സ്ഥാനത്ത് ഡീഗോ മറഡോണയുമുണ്ടായിരുന്നു. ലോകകിരീടം സ്വപ്നം കണ്ട ടീം പക്ഷേ ക്വാർട്ടർ ഫൈനലിൽ വീണു. മെസിയുടെ പ്രതിഭയെക്കുറിച്ച് ലോകം വാഴ്ത്തുമ്പോഴും ദേശീയ ടീമിനൊപ്പം ഒരു വലിയ കിരീടം എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു. 2014 മെസി അർജന്റീനയുടെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി. മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിലെ തോൽവി ആ സ്വപ്നത്തിന് വീണ്ടും തിരിച്ചടിയായി.
പിന്നീട് കോപ്പ അമേരിക്കയിലും നിരാശകൾ തുടർന്നു. തുടർച്ചയായ പരാജയങ്ങളും കടുത്ത വിമർശനങ്ങളും മെസിയെ തളർത്തി. ഒരു ഘട്ടത്തിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും വീണ്ടും മടങ്ങിയെത്തി. അതിനുശേഷം കാര്യങ്ങൾ മാറി. 2021ലെ കോപ്പ അമേരിക്ക കിരീടം നേടി. എന്നാൽ മെസിയുടെ അന്താരാഷ്ട്ര കരിയറിന്റെ യഥാർഥ കിരീടനിമിഷം വന്നത് 2022ൽ ഖത്തറിലായിരുന്നു.
ലോകകപ്പിലെ ഓരോ മത്സരവും ആരാധകരെ ആവേശത്തിലാഴ്ത്തിയപ്പോൾ മെസി ടീമിന്റെ നായകനായും കളിക്കാരനായും മുന്നിൽ നിന്നു. ഫൈനലിൽ ഫ്രാൻസിനെ മറികടന്ന് അർജന്റീന ലോകചാമ്പ്യന്മാരായപ്പോൾ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ലോകകപ്പ് ട്രോഫി കൈകളിലുയർത്തിയ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ദൃശ്യങ്ങളിലൊന്നായി മാറി.
അത് ഒരു കിരീടം സ്വന്തമാക്കിയ നിമിഷം മാത്രമായിരുന്നില്ല. വർഷങ്ങളോളം കേട്ട വിമർശനങ്ങൾക്കും പരാജയങ്ങൾക്കും സംശയങ്ങൾക്കും മെസി നൽകിയ മറുപടിയായിരുന്നു. മെസിയെ മഹാനാക്കുന്നത് കിരീടങ്ങളുടെ എണ്ണം മാത്രം കൊണ്ടല്ല. പന്ത് കാലിൽ കിട്ടിയാൽ കളിയുടെ വേഗം തന്നെ മാറുന്ന അനുഭവമാണ് ആരാധകർക്ക് അദ്ദേഹം സമ്മാനിച്ചത്. മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുമ്പോൾ മൈതാനങ്ങളിൽ ഒരു വലിയ ശൂന്യത ഉണ്ടാകും.
ഇനി അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ അതേ ഇടതുകാലിന്റെ മായാജാലം കാണാനാകില്ല. പ്രതിരോധതാരങ്ങളെ നിസാരമായി മറികടക്കുന്ന ആ ഓട്ടവും, അസാധ്യമായ കോണുകളിൽ നിന്ന് പന്ത് വലയിലെത്തിക്കുന്ന കാഴ്ചകളും, ഫ്രീകിക്കുകളിൽ പന്തിന് നൽകുന്ന മനോഹരമായ വളവുകളും പതിയെ ഓർമകളായി മാറും. പക്ഷേ മഹാന്മാരുടെ കാര്യത്തിൽ വിരമിക്കൽ അവസാനമല്ല.
അവർ സൃഷ്ടിച്ച നിമിഷങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറപ്പെടും. മെസിയുടെ ഗോളുകളും അസിസ്റ്റുകളും റിക്കാർഡുകളും കിരീടങ്ങളും മാത്രമല്ല, തോൽവികളിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹത്തിന്റെ കഥയും എന്നും ഒർമിക്കപ്പെടും. മൈതാനത്ത് ഇനി ആ പത്താം നമ്പർ ജഴ്സി അതേ രീതിയിൽ ചലിച്ചേക്കില്ല. പക്ഷേ ഫുട്ബോൾ എന്ന കളി നിലനിൽക്കുന്നിടത്തോളം കാലം ലയണൽ മെസി എന്ന പേര് അതിന്റെ ചരിത്രത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.
Tags : Messi Retirement Messi Lionel Messi Retires Argentina