ഫ്രാങ്കോ മലോസോയുടെ വ്യാജ നിർമിതിയായ ആംഫി തിയറ്ററിന്റെ പ്രവേശന കവാടം.
ലോകം കണ്ടതിൽ ഏറ്റവും വലിയ പുരാവസ്തു തട്ടിപ്പുകാരിലൊരാളാണ് മോൻസൻ മാവുങ്കൽ. മോശയുടെ അംശവടി, യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശുകളിൽ രണ്ട് എണ്ണം, യേശുക്രിസ്തുവിന്റെ രക്തം പുരണ്ട വസ്ത്രത്തിന്റെ ഭാഗം, മദർ തെരേസയുടെ മുടിയിഴ, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പു സുൽത്താന്റെ സിംഹാസനം, വാളുകൾ, ശബരിമല ചെന്പോല, മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിളക്ക്, രാജാ രവിവർമയുടെയും പിക്കാസോയുടെയും ഡാവിഞ്ചിയുടെയും യഥാർഥ ചിത്രങ്ങൾ, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മോതിരം തുടങ്ങി നിരവധി അമൂല്യ പുരാവസ്തുക്കൾ തന്റെ പക്കലുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു മോൻസന്റെ തട്ടിപ്പ്. കൊച്ചി കലൂരിലെ വീട് പുരാവസ്തു മ്യൂസിയമായി ഇയാൾ മാറ്റിയിരുന്നു. രാഷ്ട്രീയക്കാർ, സിനിമാക്കാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇയാൾക്ക് അടുത്തബന്ധം ഉണ്ടായിരുന്നു.
മോൻസനെപ്പോലെയുള്ള മറ്റൊരു തട്ടിപ്പുവീരന്റെ കഥകേട്ട്, ആളുകൾ തലയിൽ കൈവച്ചു! യൂറോപ്യൻ യൂണിയനെവരെ വെട്ടിൽവീഴ്ത്തിയ തട്ടിപ്പ്. ഇറ്റലിയിലാണു സംഭവം. ആംഫി തിയറ്ററിന്റെ മാതൃകയിൽ കെട്ടിടം നിർമിച്ച്, പ്രാചീന ഗ്രീക്ക് ആംഫി തിയറ്ററാണെന്ന് വിനോദസഞ്ചാരികളെ വിശ്വസിപ്പിച്ച്, വർഷങ്ങളോളം തട്ടിപ്പുനടത്തിയ 69കാരനായ ഇറ്റാലിയൻ സ്വദേശി ഫ്രാങ്കോ മലോസോ നിസാരക്കാരനല്ല. യുറോപ്യൻ യൂണിയന്റെ ടൂറിസ്റ്റ് ഗൈഡിൽ വരെ ഇയാളുടെ വ്യാജ തിയറ്റർ ഇടംപിടിച്ചിരുന്നു. കോടികളാണ് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത്.
വടക്കൻ ഇറ്റലിയിലെ വെനെറ്റോ മേഖലയിലുള്ള വിസെൻസയ്ക്കു സമീപമാണ് മലോസോ വ്യാജ സ്മാരകം നിർമിച്ചത്. 5,000 ചതുരശ്ര മീറ്ററിലായിരുന്നു നിർമാണം. ഗാരേജ് നിർമിക്കാൻ അനുമതി നേടിയ സ്ഥലത്ത് പിന്നീട്, ഇയാൾ രഹസ്യമായി നിർമിതികൾക്കു രൂപം നൽകുകയായിരുന്നു. ചരിത്രപ്രാധാന്യമുള്ള ആംഫി തിയേറ്ററിന്റെ ഏകദേശ മാതൃകയിലായിരുന്നു നിർമാണം. തുടർന്ന് ഇയാൾ വ്യാജപ്രചാരണം ആരംഭിച്ചു. 2005-ൽ ഉരുൾപൊട്ടലിനെത്തുടർന്നാണു പുരാശേഷിപ്പുകൾ കണ്ടെത്തിയതെന്നായിരുന്നു ഇയാളുടെ അവകാശവാദം. ബെറിക്കോ ആംഫിതിയേറ്റർ എന്നാണ് ഇയാൾ ആംഫി തിയറ്ററിനു പേരിട്ടത്. 2014-ൽ വിനോദസഞ്ചാരികൾക്കായി തിയറ്റർ തുറന്നുകൊടുക്കുകയും ചെയ്തു മലോസോ. സംഗീത പരിപാടികൾ, ചരിത്ര സെമിനാറുകൾ തുടങ്ങിയ വിവിധ പരിപാടികൾ അവിടെ സംഘടിപ്പിക്കുകയും ചെയ്തു.

ജൂലിയസ് സീസറും ക്ലിയോപാട്രയും സന്ദർശിച്ച സ്ഥലം, ഷേക്സ്പിയറിന്റെ കഥാപാത്രമായ ജൂലിയറ്റ് വളർന്ന വീടിന്റെ സമീപപ്രദേശം തുടങ്ങിയ നിരവധി കഥകൾ ചരിത്രവുമായി ഇഴചേർത്ത്, ഇയാൾ സഞ്ചാരികളെ ആകർഷിച്ചു. ഇതെല്ലാം വിശ്വസിച്ച സഞ്ചാരികൾ മലോസോയുടെ തട്ടിപ്പുകേന്ദ്രത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ആഭ്യന്തര-വിദേശ സഞ്ചാരികളിൽനിന്ന് 4,500 രൂപ വരെ പ്രവേശന ഫീസായി ഇയാൾ ഈടാക്കിയിരുന്നു. കൂടാതെ സ്വകാര്യ സന്ദർശനങ്ങൾക്ക് 67,000 രൂപ വരെ ഈടാക്കിയിരുന്നു. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡിൽ വരെ ഈ കേന്ദ്രം ഉൾപ്പെടാൻ ഇടയായി എന്നതാണ് മറ്റൊരു വസ്തുത. ഇതു തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
എന്നാൽ, ചില പുരാവസ്തു ഗവേഷകർക്കും സഞ്ചാരികൾക്കും ഉണ്ടായ സംശയമാണ് വലിയ തട്ടിപ്പു വെളിച്ചത്തുവരാൻ ഇടയാക്കിയത്. പരാതിയെത്തുടർന്ന് 2016-ൽ ഇറ്റാലിയൻ പോലീസും പുരാവസ്തു ഗവേഷകരും അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണു വെളിച്ചത്തുവന്നത്. പുരാതന അവശിഷ്ടങ്ങൾ എന്ന് അവകാശപ്പെട്ട തൂണുകളും പടികളും യഥാർഥത്തിൽ കോൺക്രീറ്റ്, പ്ലാസ്റ്റർ, ഫൈബർഗ്ലാസ്, പേപ്പർ മാഷെ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. പഴമ തോന്നിക്കാൻ പ്രത്യേക ചായങ്ങളും മറ്റും പൂശുകയായിരുന്നു. പഴയ സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചപ്പോൾ രണ്ടായിരത്തിന്റെ തുടക്കത്തിൽ ഈ കുന്നിൻപ്രദേശം വെട്ടിത്തെളിച്ച് പുതിയതായി ഉണ്ടാക്കിയതാണെന്നു തെളിഞ്ഞു. കൂടാതെ പുരാതന ഗ്രീക്കുകാർ വടക്കൻ ഇറ്റലിയിലേക്ക് എത്തിയിരുന്നില്ലെന്നും ഇത്തരം നിർമിതികൾ നടത്തിയിട്ടില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫ്രാങ്കോ മലോസോയ്ക്കു കോടതി തടവുശിക്ഷ വിധിച്ചു. ഇതിനുപുറമെ മൂന്നര ലക്ഷത്തിലേറെ രൂപ പിഴയായും നാലു ലക്ഷത്തോളം രൂപ കോടതിച്ചെലവിനത്തിലും അടയ്ക്കണം. മാത്രമല്ല, വിസെൻസയിൽ സ്ഥിതി ചെയ്യുന്ന വ്യാജകേന്ദ്രം പൊളിച്ചുനീക്കാനും കോടതി ഉത്തരവിട്ടു.
Tags : InternationlNews GreekAmphiTheater Arcugnano Italy AnfiteatroBerico FrancoMalosso ItalianPolice